ന്യൂഡൽഹി ∙ ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർക്കു കൂടുതൽ സുരക്ഷ ഉറപ്പാക്കണമെന്ന് രാഷ്ട്രപതി റാം നാഥ് കോവിന്ദിനോട് ഗോവ പ്രദേശ് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. റഫാൽ ഇടപാടുമായി ബന്ധപ്പെട്ട മുഴുവൻ ഫയലുകളും പരീക്കറുടെ കിടപ്പുമുറിയിൽ ഉണ്ടെന്ന് സംസ്ഥാനത്തെ ആരോഗ്യമന്ത്രി വിശ്വജിത് റാണെ പറയുന്നതിന്റെ ഓഡിയോ ടേപ്പ് കഴിഞ്ഞ ദിവസം പുറത്തുവിട്ടതിനെ തുടർന്നാണ് കൂടുതൽ സുരക്ഷ ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കോൺഗ്രസ് കത്ത് അയച്ചത്. രഹസ്യവിവരങ്ങൾ പുറത്തായാൽ അഴിമതി വെളിച്ചത്താകുമെന്ന് ഭയക്കുന്നവർ പരീക്കറുടെ ജീവൻ അപകടത്തിലാക്കിയേക്കാമെന്നും കത്തിൽ പറയുന്നു.
കാബിനറ്റ് യോഗത്തിൽ പരീക്കർ തന്നെ ഇക്കാര്യം വെളിപ്പെടുത്തിയെന്നാണ് റാണെ ടേപ്പിൽ പറയുന്നത്. എന്നാൽ കോൺഗ്രസ് കെട്ടിച്ചമച്ചതാണിത് എന്നായിരുന്നു ബിജെപിയുടെയും പരീക്കറുടെയും പ്രതികരണം. പരീക്കർ ഈ ഫയൽ ഉപയോഗിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബ്ലാക്ക്മെയിൽ ചെയ്യുകയാണെന്ന് രാഹുൽ ഗാന്ധിയും ആരോപിച്ചിരുന്നു.