ന്യൂഡൽഹി ∙ പശ്ചിമഘട്ട സംരക്ഷണത്തിനുള്ള നിർദേശങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളിൽ പ്രാദേശികതലത്തിൽ ജനങ്ങൾക്കുള്ള പരാതികൾ കേൾക്കാൻ വനം പരിസ്ഥിതി മന്ത്രാലയം സമിതി രൂപീകരിക്കണമെന്നു രാജ്യസഭയുടെ അഷ്വറൻസ് സമിതി ശുപാർശ ചെയ്തു. നിയന്ത്രണങ്ങൾ നടപ്പാക്കുന്ന പ്രദേശങ്ങളിൽ ജനത്തിനു നഷ്ടപരിഹാരം നൽകണമെന്നു കർണാടകയിൽ ആവശ്യം ഉയർന്നത് സമിതി എടുത്തുപറഞ്ഞു.
കേരളത്തിലും കർണാടകയിലുമുണ്ടായ പ്രളയം പശ്ചിമഘട്ട മേഖലയുള്ള 6 സംസ്ഥാനങ്ങൾക്കു മുന്നറിയിപ്പാണ്. പശ്ചിമഘട്ട സംരക്ഷണത്തിനു വേഗത്തിൽ നടപടികളെടുക്കണം. എന്നാൽ, കസ്തൂരിരംഗൻ സമിതിയുടെ ശുപാർശകൾ ഫലപ്രദമായി നടപ്പാക്കണമെങ്കിൽ ഓരോ പ്രദേശത്തെയും ജനത്തിന്റെ പിന്തുണ വേണം. ഇതിന് സംസ്ഥാനങ്ങളുമായും കൂടിയാലോചിക്കണം – അണ്ണാഡിഎംകെയിലെ എ. നവനീത കൃഷ്ണൻ അധ്യക്ഷനായ സമിതി വ്യക്തമാക്കി. പാർലമെന്റിൽ ചോദ്യങ്ങൾക്കു മറുപടിയായും മറ്റും സർക്കാർ നൽകുന്ന ഉറപ്പു പ്രകാരമുള്ള തുടർനടപടികൾ പരിശോധിക്കുന്ന സമിതിയാണിത്.
പരിസ്ഥിതി ലോല മേഖലകൾ (ഇഎസ്എ) തിട്ടപ്പെടുത്തിയതിൽ ചില മാറ്റങ്ങളാണ് കേരളം ആവശ്യപ്പെട്ടതെങ്കിൽ, കരട് വിജ്ഞാപനം പൂർണമായി പിൻവലിക്കണമെന്നായിരുന്നു കർണാടകയുടെ നിലപാട്. കസ്തൂരിരംഗൻ സമിതിയുടെ ശുപാർശകൾ നടപ്പാക്കിയാൽ ദൈനംദിന ജീവിതം വഴിമുട്ടുമെന്നതിനാൽ ജനം പരിസ്ഥിതി സംരക്ഷണത്തോടു മുഖം തിരിഞ്ഞുനിൽക്കുമെന്ന് കർണാടക സർക്കാർ നിലപാടെടുത്തതായും കഴിഞ്ഞ ദിവസം രാജ്യസഭയിൽ വച്ച റിപ്പോർട്ടിൽ പറയുന്നു.