ഫഗ്‍വാര, പഞ്ചാബ്∙ ഡ്രൈവിങ് ലൈസൻസുമായി ആധാറിനെ ബന്ധിപ്പിക്കുന്നതു നിർബന്ധമാക്കി ഉടൻ നിയമം കൊണ്ടുവരുമെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ്.
106–ാമത് ഇന്ത്യൻ സയൻസ് കോൺഗ്രസിൽ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. വാഹനാപകടം ഉണ്ടാക്കുന്നവർ ഡൂപ്ലിക്കേറ്റ് ലൈസൻസ് സംഘടിപ്പിച്ചു നിയമത്തെ കബളിപ്പിക്കുന്നത് ഇതിലൂടെ ഒഴിവാക്കാനാകും. ആധാറുമായി ബന്ധിപ്പിക്കുമ്പോൾ കണ്ണ്, വിരലടയാളം പോലുള്ള ബയോമെട്രിക് വിവരങ്ങൾ ഉള്ളതിനാൽ ഇത്തരക്കാർക്കു രക്ഷപ്പെടാനാവില്ല.
കേന്ദ്രത്തിന്റെ ‘ഡിജിറ്റൽ ഇന്ത്യ’ പദ്ധതിയിലൂടെ നഗര–ഗ്രാമ വേർതിരിവു കുറഞ്ഞതായി അദ്ദേഹം അവകാശപ്പെട്ടു. 123 കോടി ആധാർ കാർഡ്, 121 കോടി മൊബൈൽ ഫോൺ, 44.6 കോടി സ്മാർട് ഫോൺ, 56 കോടി ഇന്റർനെറ്റ് ഉപയോക്താക്കൾ എന്നിങ്ങനെയാണ് ഇന്ത്യയുടെ പുതിയ ഡിജിറ്റൽ മുഖമെന്ന് അദ്ദേഹം പറഞ്ഞു.
ഓൺലൈൻ വ്യാപാരത്തിൽ 51 % വളർച്ചയുണ്ട്. 2017–18ൽ 2070 കോടി രൂപയുടെ പണമിടപാട് ഡിജിറ്റൽ രൂപത്തിൽ നടന്നുവെന്നും കേന്ദ്രമന്ത്രി പറഞ്ഞു.