ന്യൂഡൽഹി ∙ റിലയൻസ് കമ്യൂണിക്കേഷൻ ലിമിറ്റഡ് (ആർകോം) ചെയർമാൻ അനിൽ അംബാനി, റിലയൻസ് ടെലികോം ചെയർമാൻ സതീഷ് സേഥ്, റിലയൻസ് ഇൻഫ്രാടെൽ ചെയർപഴ്സൻ ഛായ വിറാനി എന്നിവർക്കെതിരെ കോടതിയലക്ഷ്യത്തിനു സുപ്രീം കോടതി നോട്ടിസ് അയച്ചു.
കോടതിയുത്തരവനുസരിച്ച് നൽകേണ്ട 550 കോടി രൂപ നിശ്ചിത സമയത്തിനകം നൽകാത്തതിന് എറിക്സൺ ഇന്ത്യയാണ് ഹർജി നൽകിയത്. നാലാഴ്ചയ്ക്കകം മറുപടി നൽകാൻ ആർകോമിനു സമയം നൽകിയിട്ടുണ്ട്. കേസ് 5 ആഴ്ച കഴിഞ്ഞ് കേൾക്കും.
ആകെ 118 കോടി രൂപ വരുന്ന 2 ഡിമാൻഡ് ഡ്രാഫ്റ്റുകൾ അംബാനിയുടെ അഭിഭാഷകരായ കപിൽ സിബലും മുകുൽ റോഹത്ഗിയും ഹാജരാക്കുകയും ബാക്കി പിന്നാലെ നൽകാമെന്നു വാഗ്ദാനം നൽകുകയും ചെയ്തെങ്കിലും ഡ്രാഫ്റ്റ് സ്വീകരിക്കില്ലെന്ന് എറിക്സണു വേണ്ടി ഹാജരായ ദുഷ്യന്ത് ദവെ പറഞ്ഞു. 550 കോടി രൂപ പലിശസഹിതം കിട്ടണമെന്ന് അദ്ദേഹം പറഞ്ഞു.
റിലയൻസ് ജിയോക്ക് ആസ്തികൾ വിറ്റ വകയിൽ 3000 കോടി രൂപ കിട്ടിയ ആർകോം 2018 ഡിസംബർ 15 നകം തുക അടയ്ക്കണമെന്ന ഉത്തരവ് പാലിക്കാതെ കോടതിയലക്ഷ്യമാണ് കാട്ടിയിരിക്കുന്നതെന്ന് ദവെ പറഞ്ഞു. ഡ്രാഫ്റ്റുകൾ സൂക്ഷിക്കാൻ റജിസ്ട്രിയോടു നിർദേശിച്ച ജസ്റ്റിസുമാരായ ആർ. എഫ്. നരിമാനും വിനീത് ശരണും മുഴുവൻ തുകയും അടയ്ക്കാതെ പറ്റില്ലെന്ന് വ്യക്തമാക്കി.
കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നും പണമടയ്ക്കുംവരെ അംബാനിയെയും മറ്റും തടവിലിടണമെന്നും ഇവർ രാജ്യം വിട്ടുപോകാതിരിക്കാൻ നടപടിയെടുക്കണമെന്നുമാണ് എറിക്സൺ ആവശ്യപ്പെടുന്നത്.
കഴിഞ്ഞ ഒക്ടോബർ 23 നാണ് എറിക്സൺ അനുകൂല വിധി സമ്പാദിച്ചത്. അവസാന അവസരമെന്ന നിലയിലാണ് കോടതി അന്ന് ഡിസംബർ 15 എന്ന സമയപരിധി വച്ചത്.
വൈകിയാൽ 12% പലിശ കൂടി നൽകേണ്ടിവരുമെന്നും താക്കീത് ചെയ്തിരുന്നു. അതിനു മുൻപ് കേസ് വന്നപ്പോഴും സെപ്റ്റംബർ അവസാനം നൽകാമെന്ന് കോടതിയിൽ ആർകോം ഉറപ്പു നൽകിയിരുന്നു. യഥാർഥത്തിൽ 1500 കോടിയാണ് കിട്ടേണ്ടതെങ്കിലും കടത്തിൽ മുങ്ങിയ കമ്പനിയെന്ന നിലയിൽ 550 കോടിക്കു എറിക്സൺ സമ്മതിക്കുകയായിരുന്നു.