ന്യൂഡൽഹി∙ അതിർത്തിയോടു ചേർന്നുള്ള ടിബറ്റിൽ ചൈന സേനാ സന്നാഹം ശക്തമാക്കുന്ന സാഹചര്യത്തിൽ, കിഴക്കൻ അതിർത്തിയിൽ യഥാർഥ നിയന്ത്രണ രേഖയോടു (എൽഎസി) ചേർന്ന് ആകാശ് മിസൈലിന്റെ ആറു യൂണിറ്റുകൾ വ്യോമസേന സജ്ജമാക്കി.
റഷ്യയിൽ നിന്നു വാങ്ങുന്ന എസ് 400 പ്രതിരോധ മിസൈൽ, യുഎസിൽ നിന്നുള്ള അപാഷെ, ചിനൂക് ഹെലിക്കോപ്റ്ററുകൾ എന്നിവയും വരുംവർഷങ്ങളിൽ അതിർത്തിയിൽ നിലയുറപ്പിക്കും. സിക്കിമിനോടു ചേർന്നുള്ള ദോക് ലായിൽ കഴിഞ്ഞ വർഷമുണ്ടായ സംഘർഷത്തിനു ശേഷം അതിർത്തിയിൽ സ്ഥിതി പൊതുവേ ശാന്തമാണെങ്കിലും സേനാബലവും ആയുധ സന്നാഹവും വർധിപ്പിക്കാൻ ചൈന രഹസ്യനീക്കം നടത്തുന്നുവെന്നാണ് ഇന്ത്യയുടെ നിഗമനം.
അതിർത്തിയിൽ നിന്ന് 750 കിലോമീറ്റർ അകലെ ടിബറ്റിലെ ഷിനിങ്ങിൽ ചൈന വ്യോമ താവളം നിർമിക്കുന്നുവെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയുടെ മുൻകരുതൽ. ഇതിനു പുറമേ ടിബറ്റിലെ ലുൻസെ, തിംഗ്‌രി, പുരങ് എന്നിവിടങ്ങളിൽ നിർമിക്കുന്ന സിവിൽ വിമാനത്താവളങ്ങളെയും ഇന്ത്യ സംശയത്തോടെയാണു കാണുന്നത്. രഹസ്യ താവളങ്ങളായി ചൈനീസ് വ്യോമസേന അവയെ ഉപയോഗിച്ചേക്കുമെന്നും യുദ്ധവിമാനങ്ങൾ അവിടെ നിലയുറപ്പിക്കാൻ സാധ്യതയുണ്ടെന്നും പ്രതിരോധ സേനാ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.
സേനാംഗങ്ങളെ പാർപ്പിക്കുന്നതിന് അതിർത്തിയോടു ചേർന്നു ബഹുനില കെട്ടിടങ്ങൾ നിർമിക്കാനുള്ള നടപടികളുമായി ചൈന മുന്നോട്ടു പോവുകയാണ്. മികച്ച റോഡുകളുള്ളതിനാൽ അതിർത്തിയിലേക്കു സേനാംഗങ്ങളെ ചൈനയ്ക്ക് എളുപ്പമെത്തിക്കാനാവും. അരുണാചൽ, സിക്കിം എന്നിവിടങ്ങളിലുൾപ്പെടെയുള്ള അതിർത്തി റോഡുകളുടെ നിലവാരം ഉയർത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അടുത്തിടെ തീരുമാനിച്ചിരുന്നു.
9.6 ടൺ സാമഗ്രികൾ വഹിക്കാൻ ശേഷിയുള്ള ചിനൂക് ഹെലിക്കോപ്റ്ററുകൾ വൈകാതെ യുഎസിൽ നിന്നു ലഭിക്കുന്നതോടെ അതിർത്തിയിലേക്കുള്ള സേനാ, ആയുധ നീക്കം വേഗത്തിലാക്കാൻ കഴിയുമെന്നാണു വ്യോമസേനയുടെ വിലയിരുത്തൽ.
അംബാല, ഹാസിമാര – റഫാലിന്റെ താവളം
ഫ്രാൻസിൽ നിന്ന് ഇന്ത്യ വാങ്ങുന്ന 36 റഫാൽ യുദ്ധവിമാനങ്ങൾ പഞ്ചാബിലെ അംബാല, ബംഗാളിലെ ഹാസിമാര വ്യോമ താവളങ്ങളിൽ നിലയുറപ്പിക്കും. ഇരു താവളങ്ങളിലും റഫാലിന്റെ ഓരോ സ്ക്വാഡ്രൺ (18 വിമാനങ്ങൾ വീതം) സജ്ജമാക്കുമെന്നു സേനാ വൃത്തങ്ങൾ വ്യക്തമാക്കി. പാക്ക്, ചൈന ഭീഷണികളെ ഫലപ്രദമായി നേരിടാനാണിത്. അംബാല താവളത്തിലെ യുദ്ധവിമാനങ്ങൾ പാക്കിസ്ഥാനെയും ഹാസിമാരയിലേതു ചൈനയെയും ലക്ഷ്യമിട്ടു നിലയുറപ്പിക്കും.
റഫാലിനായി 400 കോടി രൂപയുടെ അടിസ്ഥാന സൗകര്യങ്ങൾ ഇവിടെയൊരുക്കും. അടുത്ത വർഷം മുതൽ വിമാനങ്ങൾ ഇന്ത്യയ്ക്കു ലഭിച്ചു തുടങ്ങും.