ബസിനു കല്ലെറിഞ്ഞ കേസിൽ 3 വർഷം തടവ്; തമിഴ്നാട് മന്ത്രി രാജിവച്ചു

ചെന്നൈ∙ 20 വർഷം മുൻപു  സർക്കാർ ബസുകൾക്കു കല്ലെറിഞ്ഞ കേസിൽ മൂന്നു വർഷത്തെ തടവിനു ശിക്ഷിച്ച തമിഴ്നാട് കായിക മന്ത്രി ബാലകൃഷ്ണ റെഡ്ഡി രാജിവച്ചു. ജനപ്രതിനിധികൾക്കെതിരായ കേസുകൾ വിചാരണ ചെയ്യുന്ന  പ്രത്യേക കോടതിയാണു ശിക്ഷ വിധിച്ചത്. 

 അപ്പീൽ നൽകാൻ സമയം വേണമെന്ന മന്ത്രിയുടെ അപേക്ഷ പരിഗണിച്ച് അറസ്റ്റ് ചെയ്യുന്നതു കോടതി തടഞ്ഞിരുന്നു.  എന്നാൽ, പുതിയ നിയമപ്രകാരം ജനപ്രതിനിധിയെ  ക്രിമിനൽ കേസിൽ രണ്ടു വർഷത്തിലധികം തടവിനു ശിക്ഷിച്ചാൽ പദവി നഷ്ടപ്പെടും. അതിനാൽ, രാജിയല്ലാതെ മാർഗമില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണു രാജി. ഹൈക്കോടതി ശിക്ഷ ശരിവച്ചാൽ ആറു വർഷത്തേയ്ക്കു  മൽസരിക്കാനും വിലക്കുണ്ടാകും. 

 1998ൽ ഹൊസൂരിൽ വ്യാജ മദ്യത്തിനെതിരെ നടത്തിയ റാലിയിലായിരുന്നു കല്ലേറ്. അന്നു ബിജെപി നേതാവായിരുന്നു ബാലകൃഷ്ണ.