ലോക്സഭ ബഹളമില്ലാതെ ശീതകാല സമ്മേളനത്തിന്റെ അവസാനദിനം

Parliament-of-india-4
SHARE

ന്യൂഡൽഹി∙ ശീതകാല സമ്മേളനത്തിൽ ലോക്സഭയിൽ സമാധാനപരമായി ചോദ്യോത്തര വേള നടന്നത് ഇന്നലെ. സമാപന ദിനത്തിൽ പ്രതിപക്ഷ കക്ഷികളാരും ബഹളം വച്ചു നടുത്തളത്തിലിറങ്ങിയില്ല. റഫാൽ വിഷയത്തിൽ സംയുക്ത പാർലമെന്ററി സമിതി (ജെപിസി) അന്വേഷണം ആവശ്യപ്പെട്ടു കഴിഞ്ഞ ദിവസങ്ങളിൽ പ്രതിഷേധിച്ച കോൺഗ്രസ് അംഗങ്ങൾ സമാധാനം പാലിച്ചു. 

കാവേരി നദിയിൽ ഡാം നിർമിക്കാനുള്ള കർണാടകയുടെ നീക്കത്തിൽ പ്രതിഷേധിച്ച് അണ്ണാ ഡിഎംകെയും ആന്ധ്രയ്ക്കു പ്രത്യേക പദവി ആവശ്യപ്പെട്ടു ടിഡിപിയും കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പ്രതിഷേധം അതിരുവിട്ടതോടെ ഇരു കക്ഷികളിൽ നിന്നുമായി 49 എംപിമാരെ സ്പീക്കർ സുമിത്ര മഹാജൻ സസ്പെൻഡ് ചെയ്തിരുന്നു.

കേരളത്തിൽ നിന്നുള്ള എംപിമാരുടെ സജീവ പങ്കാളിത്തം കൊണ്ടും സമാപന ദിനം ശ്രദ്ധേയമായി. ഫിഷറീസിനു കേന്ദ്ര സർക്കാരിൽ പ്രത്യേക മന്ത്രാലയം വേണമെന്നു കെ.വി. തോമസ്, എൻ.കെ. പ്രേമചന്ദ്രൻ, എ. സമ്പത്ത് എന്നിവർ ചോദ്യോത്തര വേളയിൽ ആവശ്യമുന്നയിച്ചു. പി. കരുണാകരനും ചോദ്യോത്തര വേളയിൽ പങ്കെടുത്തു. 

തൊഴിൽ നിയമഭേദഗതി സംബന്ധിച്ച ചർച്ചയിൽ ശശി തരൂർ, എം.ബി. രാജേഷ്, എ. സമ്പത്ത്, എൻ.കെ. പ്രേമചന്ദ്രൻ എന്നിവരും ഡിഎൻഎ സാങ്കേതിക വിദ്യ സംബന്ധിച്ച ബില്ലിലെ ചർച്ചയിൽ പി.കെ. ബിജു, ശശി തരൂർ എന്നിവരും പങ്കെടുത്തു. പൗരത്വ ഭേദഗതി ബില്ലിൽ പി.കെ. കുഞ്ഞാലിക്കുട്ടി സംസാരിച്ചു.

മുന്നാക്ക സമുദായങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കു സംവരണം ലഭ്യമാക്കുന്നതിനായി കേന്ദ്രം അവതരിപ്പിച്ച ബില്ലിലുള്ള ചർച്ചയിൽ കെ.വി. തോമസ് ആദ്യ പ്രസംഗകനായി. ഇ.ടി. മുഹമ്മദ് ബഷീർ, എൻ.കെ.പ്രേമചന്ദ്രൻ എന്നിവരും ചർച്ചയിൽ സജീവ പങ്കാളികളായി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA