ഡിഎൻഎ ബില്ലിന് ലോക്സഭയുടെ അംഗീകാരം; സ്വകാര്യത ലംഘിക്കപ്പെടുമെന്ന് പ്രതിപക്ഷം

loksabha
SHARE

ന്യൂഡൽഹി∙ വ്യക്തികളുടെ സ്വകാര്യത ലംഘിക്കപ്പെടുമെന്ന പ്രതിപക്ഷ ആശങ്കകൾക്കിടെ, ഡിഎൻഎ ബിൽ ലോക്സഭ അംഗീകരിച്ചു. ജനിതകഘടന (ഡിഎൻഎ) പരിശോധിച്ചു കുറ്റകൃത്യങ്ങൾ തെളിയിക്കുന്നതിനും മറ്റും നിയമപ്രാബല്യം നൽകുന്ന ഡിഎൻഎ ടെക്നോളജി (യൂസ് ആൻഡ് ആപ്ലിക്കേഷൻ) റെഗുലേഷൻ ബില്ലിൽ കുറ്റവാളികളുടെ ജനിതകഘടനയുടെ ഡേറ്റബേസ് സ്ഥാപിക്കാനും വ്യവസ്ഥയുണ്ട്. 

ശേഖരിക്കപ്പെടുന്ന വിവരങ്ങളുടെ രഹസ്യസ്വഭാവം, സംരക്ഷണം എന്നിവ ഉറപ്പാക്കിയിട്ടുണ്ടെന്നു ബിൽ അവതരിപ്പിച്ച കേന്ദ്രമന്ത്രി ഡോ. ഹർഷവർധൻ വ്യക്തമാക്കി. ആഭ്യന്തര, പ്രതിരോധ, വിദേശകാര്യ, ശിശുക്ഷേമ മന്ത്രാലയങ്ങൾക്കും സിബിഐ, എൻഐഎ ഉൾപ്പെടെയുള്ള ഏജൻസികൾക്കും പുതിയ ബില്ലിന്റെ പ്രയോജനം ലഭിക്കും. 

ഡിഎൻഎ സാങ്കേതിക വിദ്യ ഉപയോഗിച്ചു കുറ്റകൃത്യങ്ങൾ തെളിയിക്കുന്ന മാർഗം ലോകത്തിലെ 60 രാജ്യങ്ങളിൽ നിലവിലുണ്ടെന്നു ഡോ. ഹർഷവർധൻ പറഞ്ഞു. വിരലടയാളം ഉപയോഗിച്ചു ഡിഎൻഎ ഘടന തയാറാക്കുന്ന രീതി രാജ്യത്ത് ഇപ്പോഴുണ്ട്. എന്നാൽ ഇതിന്റെ ഉപയോഗം വളരെ കുറവാണ്. ആവശ്യത്തിനു ലാബുകളില്ല, വിദഗ്ധർ കുറവാണ്– ഇവ പരിഹരിക്കാൻ പദ്ധതികൾ ആവിഷ്കരിക്കുമെന്ന്  അദ്ദേഹം വ്യക്തമാക്കി. 

‘സ്വകാര്യതയുടെ ലംഘനം’

കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ ചർച്ചയിൽ  ഉയർത്തിയതു സ്വകാര്യതയുമായി ബന്ധപ്പെട്ട ആശങ്കകൾ. വ്യക്തിയുടെ ഡിഎൻഎ ശേഖരിച്ചു ദുരുപയോഗം ചെയ്യാനുള്ള സാധ്യത കൂടുതലാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ എംപി ചൂണ്ടിക്കാട്ടി. അറസ്റ്റിലായ പ്രതിയുടെ ഡിഎൻഎ, അനുവാദം കൂടാതെ ശേഖരിക്കുന്നതു ഭരണഘടനാ വ്യവസ്ഥകളുടെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. എന്തു ഭക്ഷിക്കണം, ആരെ ഇഷ്ടപ്പെടണം തുടങ്ങിയ കാര്യങ്ങളിൽ വ്യവസ്ഥ വയ്ക്കുന്ന സർക്കാർ പൗരന്റെ ഡിഎൻഎയും നിയന്ത്രിക്കാൻ ശ്രമിക്കുകയാണെന്നും ഇത് ആശങ്കയുയർത്തുന്നുവെന്നും ശശി തരൂർ എംപി ആരോപിച്ചു. ബിൽ പാർലമെന്റ് സ്ഥിരം സമിതിക്കു വിടണമെന്ന പ്രതിപക്ഷ ആവശ്യം പരിഗണിച്ചില്ല. 

ബില്ലിലെ വ്യവസ്ഥകൾ

ഡിഎൻഎ ഡേറ്റ ബാങ്ക്, ഫൊറൻസിക് ലാബ് എന്നിവയുടെ പ്രവർത്തനം നിരീക്ഷിക്കാനും മറ്റുമായി ഡിഎൻഎ റഗുലേറ്ററി ബോർഡ് സ്ഥാപിക്കും. ബയോ ടെക്നോളജി വകുപ്പ് സെക്രട്ടറി അധ്യക്ഷനായ സമിതിയിൽ മനുഷ്യാവകാശ കമ്മിഷൻ അംഗം ഉൾപ്പെടെയുള്ളവർ അംഗങ്ങളായിരിക്കും.  

കുറ്റകൃത്യം തെളിയിക്കൽ, കാണാതായവരെ തിരിച്ചറിയൽ, വ്യക്തികൾ തമ്മിലുള്ള ബന്ധം കണ്ടെത്തൽ എന്നീ കാര്യങ്ങൾക്കാണു പ്രധാനമായും വിവരങ്ങൾ ഉപയോഗിക്കുക. ഡിഎൻഎ പരിശോധന നടത്തുകയും വിവരങ്ങൾ സൂക്ഷിക്കുകയും ചെയ്യുന്ന ലാബുകൾക്കു റഗുലേറ്ററി സമിതിയുടെ അംഗീകാരം നിർബന്ധം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA