മുംബൈ ∙ ബോളിവുഡ് നടൻ ആലോക് നാഥിനെതിരെ തിരക്കഥാകൃത്ത് വിന്റ നന്ദ ഉന്നയിച്ച മാനഭംഗ പരാതി കെട്ടിച്ചമച്ചതാകാമെന്ന് കോടതി. പീഡനം നടന്നെന്നു പറയുന്ന തീയതിയോ മാസമോ വിന്റയ്ക്ക് ഓർമയില്ലെന്നു ചൂണ്ടിക്കാട്ടിയ മുംബൈ അഡീഷനൽ സെഷൻസ് കോടതി നടനു മുൻകൂർ ജാമ്യം അനുവദിച്ചു.
കോടതി പറഞ്ഞത്: 1998ൽ ഉണ്ടായെന്നു പറയുന്ന സംഭവത്തിൽ ഇത്ര വർഷവും പരാതി നൽകാതിരുന്നത് കേസിനെ ദുർബലമാക്കുന്നു. വിന്റയുടെ വീട്ടിൽ പാനീയത്തിൽ ലഹരി മരുന്നു നൽകി മയക്കിയശേഷം മാനഭംഗപ്പെടുത്തിയെന്ന കേസ് 2 മാസം മുൻപാണു റജിസ്റ്റർ ചെയ്തത്. പരാതിക്കാരിയുടെ വീട്ടിൽ നടന്ന സംഭവമായതിനാൽ പ്രതി തെളിവു നശിപ്പിക്കാൻ ശ്രമിക്കുമെന്നു കരുതാൻ വയ്യ. മറ്റു തരത്തിൽ സമ്മർദമുണ്ടായതിനെക്കുറിച്ചും സൂചനയില്ല.
ആലോക് നാഥിന്റെ ഭാര്യ ആശുവും നന്ദയുംചണ്ഡിഗഡിൽ കോളജ് കൂട്ടുകാർ ആയിരുന്നു. പിന്നീട് സീരിയൽ രംഗത്ത് സജീവമായ ഇരുവരും ആലോകുമായി സൗഹൃദത്തിലായി. ആലോക് ആശുവിനെ വിവാഹം കഴിച്ചതോടെ താൻ ഒറ്റപ്പെട്ടതു പോലെ പരാതിക്കാരിക്കു തോന്നി. തന്റെ പ്രണയവും പരിഗണനയും നാഥ് തിരിച്ചറിഞ്ഞില്ലെന്ന പകയും നിരാശയുമാകാം പരാതിക്കു പിന്നിൽ. നാഥ് വളരുകയും നന്ദയുടെ കമ്പനികൾ തകരുകയും ചെയ്തതോടെ പക വളർന്നിരിക്കാമെന്നും കോടതി നിരീക്ഷിച്ചു.
‘മീ ടൂ’ വെളിപ്പെടുത്തലുകളുടെ ഭാഗമായി ഉന്നയിച്ച ആരോപണം വൻ വിവാദമായതോടെ വിന്റയ്ക്കെതിരെ ആലോകും ആശുവും ചേർന്നു മാനനഷ്ടക്കേസ് നൽകിയിരുന്നു.