മഹാനഗരങ്ങളെ ബാധിക്കാതെ പണിമുടക്ക്; അക്രമം കേരളത്തിലും ബംഗാളിലും മാത്രം

Strike-Protest
SHARE

ന്യൂഡൽഹി∙ പ്രതിപക്ഷ തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത 2 ദിവസത്തെ പൊതുപണിമുടക്ക് മഹാനഗരങ്ങളെ കാര്യമായി ബാധിച്ചില്ല. കേരളവും ബംഗാളും ഒഴികെയുള്ള സംസ്ഥാനങ്ങളിൽ അക്രമ സംഭവങ്ങളുണ്ടായില്ല. ഡൽഹിയിൽ പാർലമെന്റിലേക്കു തൊഴിലാളികൾ മാർച്ച് നടത്തി. 

തമിഴ്നാട്ടിൽ വ്യാപകമായി ഗതാഗതം തടസ്സപ്പെടുത്തി. ബാങ്കുകളുടെ പ്രവർത്തനം ഭാഗികമായി മുടങ്ങി. മധുര, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലും ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. ചെന്നൈയിൽ ഗിണ്ടി റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തടഞ്ഞ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കി. പ്രതിഷേധത്തെത്തുടർന്നു ചെന്നൈ മൗണ്ട് റോഡിൽ ഗതാഗതം മുടങ്ങി. മറ്റു മേഖലകളിൽ സാധാരണ നിലയിലായിരുന്നു. 

മുംബൈയിൽ ജനജീവിതത്തെയോ പൊതുഗതാഗത സംവിധാനങ്ങളെയോ പണിമുടക്ക് കാര്യമായി ബാധിച്ചില്ല. അതേസമയം, ബാങ്കുകളുടെ  പ്രവർത്തനം ഭാഗികമായി തടസ്സപ്പെട്ടു. ദീർഘദൂര, ലോക്കൽ ട്രെയിനുകളും മുംബൈ മെട്രോ സർവീസും ഓൺലൈൻ ഉൾപ്പെടെ ടാക്സികളും പതിവുപോലെ ഓടി.

മുംബൈ കോർപറേഷനു കീഴിലെ ‘ബെസ്റ്റ്’ ബസ് ജീവനക്കാർ, ശമ്പളവർധന ആവശ്യപ്പെട്ടു നടത്തിയ പണിമുടക്ക് ജനജീവിതത്തെ ബാധിച്ചു. ഇതിന് ദേശീയ പണിമുടക്കുമായി ബന്ധമില്ല.

ട്രേഡ് യൂണിയനുകളുടെ രാജ്ഭവൻ മാർച്ചിന്റെ സമയത്തു ഗതാഗത തടസ്സമുണ്ടായത് ഒഴിച്ചാൽ, ബെംഗളൂരു നഗരത്തെ പണിമുടക്ക് കാര്യമായി ബാധിച്ചില്ല. നഗരത്തിൽ പലയിടങ്ങളിലായി നടന്ന കല്ലേറിൽ 6 ബസുകളുടെ ചില്ലു തകർന്നു. ബാങ്കിങ് മേഖലയും വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിച്ചു. കേരള ആർടിസി സർവീസുകൾ വൈകിട്ട് മൂന്നരയോടെ പുനഃസ്ഥാപിച്ചു. കർണാടക ആർടിസി സംസ്ഥാനത്തുടനീളം 500 സർവീസുകൾ ഇന്നലെ റദ്ദാക്കി. ഉത്തര കന്നഡ ജില്ലയിലെ മുണ്ട്ഗോഡിൽ പ്രതിഷേധ റാലിക്കിടെ ആശ പ്രവർത്തക ശാന്തവ്വ (57) തളർന്നു വീണു മരിച്ചു. 

ഗോവയിൽ ബസുകളും ടാക്സികളും പണിമുടക്കിയതോടെ വിനോദസഞ്ചാരികൾ ഉൾപ്പെടെ യാത്രക്കാർ വലഞ്ഞു.

കല്ലേറ്: ബംഗാളിൽ 

ഹെൽമറ്റ് ധരിച്ച്

ബസ് ഡ്രൈവർമാർ

കൊൽക്കത്ത ∙ പണിമുടക്ക് അനുകൂലികളുടെ കല്ലേറ് നേരിടാൻ ഹെൽമറ്റ് വച്ച് ബംഗാളിലെ ബസ് ഡ്രൈവർമാർ. അക്രമ സാധ്യത മുൻനിർത്തി ഹെൽമറ്റ് ധരിക്കാൻ ബസ് ഡ്രൈവർമാരോടു സർക്കാർ ആവശ്യപ്പെടുകയായിരുന്നു. സർക്കാരിന്റെ ആഹ്വാനം അനുസരിച്ച് ഹെൽമറ്റ് ധരിച്ച ഡ്രൈവർമാർ ഓടിച്ച ബസുകൾക്കുനേരെ പലയിടങ്ങളിലും ആക്രമണമുണ്ടായി. സ്കൂൾ ബസുകൾക്കു നേരെയുണ്ടായ കല്ലേറിൽ കൊൽക്കത്തയിലെ രാജബസാറിൽ കുട്ടികൾക്കും ഹൗറ ജില്ലയിൽ ഡ്രൈവർക്കും പരുക്കേറ്റു. വടക്കൻ ബംഗാളിലും ബുർധ്വാനിൽ ഏതാനും ബസുകൾക്കു സമരക്കാർ തീയിട്ടു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA