ന്യൂഡൽഹി∙ അയോധ്യ ഭൂമി തർക്ക കേസ് കേൾക്കാനുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.എ. ബോബ്ഡെ, എൻ.വി. രമണ, യു.യു. ലളിത്, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരുൾപ്പെട്ട ബെഞ്ച് നാളെ കേസ് പരിഗണിക്കും.
2010 ൽ അലഹാബാദ് ഹൈക്കോടതി പുറപ്പെടുവിച്ച വിധിക്കെതിരെ 14 അപ്പീലുകളാണ് സുപ്രീം കോടതിയിലുള്ളത്. അയോധ്യയുമായി ബന്ധപ്പെട്ട 4 വസ്തുതർക്ക കേസുകൾ കേട്ട ഹൈക്കോടതി 2.77 ഏക്കർ സ്ഥലം സുന്നി വഖഫ് ബോർഡ്, നിർമോഹി അഖാഡ, രാം ലല്ല എന്നിവയ്ക്കായി വിഭജിക്കണമെന്നായിരുന്നു ഉത്തരവിട്ടത്.
ജനുവരി ആദ്യം കേസ് കേൾക്കുമെന്ന് കഴിഞ്ഞ ഒക്ടോബർ 29ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. വേഗം കേൾക്കണമെന്നാവശ്യപ്പെട്ടു പിന്നീട് ഹിന്ദു മഹാസഭ നൽകിയ ഹർജി കോടതി തള്ളി. ഇതിനിടെ, ഇസ്‌ലാം മതവിശ്വാസത്തിൽ പള്ളി അനിവാര്യഘടകമല്ലെന്ന് 1994 ൽ ഉണ്ടായ വിധി അഞ്ചംഗ ബെഞ്ച് പുനഃപരിശോധിക്കണമെന്ന് ആവശ്യം ഉയർന്നെങ്കിലും കോടതി അതും നിരസിച്ചു.
തർക്കസ്ഥലത്ത് രാമക്ഷേത്രം പണി ഉടൻ തുടങ്ങാൻ ഓർഡിനൻസ് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് വിവിധ ഹൈന്ദവ സംഘടനകൾ ഈയിടെ രംഗത്തു വന്നെങ്കിലും കോടതി നടപടികൾ തീർന്നശേഷം മാത്രമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കൂ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു.