ന്യൂഡൽഹി∙ റഫാൽ വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് (എച്ച്എഎൽ) മേധാവി ആർ. മാധവൻ പ്രതിരോധ മന്ത്രി നിർമല സീതാരാമനുമായി കൂടിക്കാഴ്ച നടത്തി. പാർലമെന്റിൽ നടന്ന കൂടിക്കാഴ്ചയിൽ കര, നാവിക, വ്യോമ സേനാ മേധാവികളും പ്രതിരോധ സെക്രട്ടറിയും പങ്കെടുത്തു.
റഫാൽ യുദ്ധവിമാന കരാറിൽ നിന്ന് എച്ച്എഎല്ലിനെ ഒഴിവാക്കി അനിൽ അംബാനിയുടെ കമ്പനിയെ ഉൾപ്പെടുത്തിയതായി കോൺഗ്രസ് ആരോപണമുന്നയിക്കുന്ന പശ്ചാത്തലത്തിൽ, യോഗം ശ്രദ്ധേയമായി. എച്ച്എഎല്ലിൽ നിലവിൽ പുരോഗമിക്കുന്ന പ്രതിരോധ പദ്ധതികളുടെ വിശദാംശങ്ങൾ ചർച്ചയായതായി പ്രതിരോധ വൃത്തങ്ങൾ വ്യക്തമാക്കി.