ബെംഗളൂരു∙ കർണാടക ജലവിഭവ വകുപ്പുമന്ത്രി ഡി.കെ ശിവകുമാറിന്റെ അനധികൃത സ്വത്തുക്കൾ കണ്ടുകെട്ടാൻ ഉടൻ ഉത്തരവിടുമെന്ന് ആദായനികുതി വകുപ്പ്. മന്ത്രിക്കെതിരെയുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. കണ്ടുകെട്ടാൻ ഉദ്ദേശിക്കുന്ന സ്വത്തുവകകളുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. വ്യാജ നികുതി റിട്ടേൺ ഫയൽ ചെയ്തത് ഉൾപ്പെടെയുള്ള ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ശിവകുമാറിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.
2017ൽ ശിവകുമാറിനെതിരെ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡുകളെ തുടർന്നുള്ള 5 കേസുകളിലാണ് നടപടി. രാജ്യസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഗുജറാത്തിൽനിന്നുള്ള 47 കോൺഗ്രസ് എംഎൽഎമാരെ ബിഡദിയിലെ റിസോർട്ടിൽ താമസിപ്പിച്ചതിനു പിന്നാലെയായിരുന്നു റെയ്ഡ്.
രാജ്യത്തെ സമ്പന്ന രാഷ്ട്രീയക്കാരിൽ ഒരാളായ ശിവകുമാർ 840 കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് 2018ൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തിയിരുന്നത്.