ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള പ്രതിപക്ഷ ഐക്യം സംബന്ധിച്ച ചർച്ചകൾക്കായി ആന്ധ്ര മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ എൻ. ചന്ദ്രബാബു നായിഡു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ വൈകിട്ട് രാഹുലിനെ വസതിയിൽ സന്ദർശിച്ച നായിഡു, ബിജെപിക്കെതിരെ ദേശീയതലത്തിൽ പ്രതിപക്ഷ കക്ഷികൾ ഒന്നിച്ചു നിൽക്കണമെന്നും അതിന്റെ നേതൃനിരയിൽ കോൺഗ്രസ് വേണമെന്നും ചൂണ്ടിക്കാട്ടി.
ആന്ധ്രയുടെ ചുമതലയുള്ള പാർട്ടി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടിയുമായി പിന്നീട് ചർച്ച നടത്തിയ രാഹുൽ, സംസ്ഥാനത്ത് ടിഡിപിയുമായി സഖ്യത്തിലേർപ്പെടുന്നതിന്റെ സാധ്യതകൾ പരിശോധിച്ചു. ആന്ധ്രയിൽ മുഖ്യ എതിരാളികളിലൊന്നായ ടിഡിപിയുമായി കൈകോർക്കുന്നതിൽ സംസ്ഥാനത്തെ പ്രവർത്തകർക്കിടയിൽ എതിർപ്പുണ്ട്. ഇക്കാര്യത്തിൽ പാർട്ടി ദേശീയ നേതൃത്വം സ്വീകരിക്കുന്ന ഏതു തീരുമാനവും അംഗീകരിക്കുമെന്നാണു സംസ്ഥാന ഘടകത്തിന്റെ നിലപാട്.