മുംബൈ ∙ രാജ്യത്ത് അടിയന്തരാവസ്ഥയ്ക്ക് സമാനമായ അന്തരീക്ഷമെന്ന് ശിവസേനയുടെ വിമർശനം. വിദർഭമേഖലയിലെ യവത്മാലിൽ മറ്റന്നാൾ നടക്കാനിരിക്കുന്ന ദേശീയ മറാഠി സാഹിത്യ സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്ന് പ്രശസ്ത സാഹിത്യകാരിയും നെഹ്‌റു കുടുംബാംഗവുമായ നയൻതാര സഹ്ഗലിനെ ഒഴിവാക്കിയതിന്റെ പേരിലാണ് കേന്ദ്ര സർക്കാരിനെതിരെ പാർട്ടി രൂക്ഷ വിമർശനമുന്നയിച്ചത്.
മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് കൂടി പങ്കെടുക്കുന്ന പരിപാടിയിൽ ഉദ്ഘാടകയായി നിശ്ചയിച്ചശേഷമാണ് ഒഴിവാക്കുന്നതായി സംഘാടകർ അറിയിച്ചത്. കേന്ദ്രത്തിന് എതിരെയുള്ള വിമർശനം ഭയന്നാണ് നയൻതാരയെ ഒഴിവാക്കിയതെന്ന് ആരോപണം ഉയർന്നിരുന്നു.