ന്യൂഡൽഹി∙ അഗസ്റ്റ – വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ ഇടപാടു കേസിൽ തിഹാർ ജയിലിൽ കഴിയുന്ന ബ്രിട്ടിഷ് പൗരൻ ക്രിസ്റ്റ്യൻ മിഷേലുമായി ബന്ധപ്പെടാൻ ബ്രിട്ടിഷ് ഹൈക്കമ്മിഷന് വിദേശകാര്യമന്ത്രാലയം അനുമതി നൽകി. ഹൈക്കമ്മിഷനിലെ സെക്കൻഡ് സെക്രട്ടറി തലത്തിലുള്ള ഓഫിസർ വ്യാഴാഴ്ച ജയിലിലെത്തി മിഷേലിനെ സന്ദർശിച്ചതായി വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ്കുമാർ അറിയിച്ചു. കുടുംബാംഗങ്ങളുമായി സംസാരിക്കാൻ അനുവദിക്കണമെന്ന മിഷേലിന്റെ ഹർജി കോടതിയുടെ പരിഗണനയിലാണ്.
3600 കോടി രൂപയുടെ ഹെലികോപ്റ്റർ ഇടപാടിലെ 3 ഇടനിലക്കാരിൽ ഒരാളായ മിഷേലിനെ ദുബായിൽ അറസ്റ്റ് ചെയ്ത് ഇന്ത്യയ്ക്കു കൈമാറുകയായിരുന്നു.