പഞ്ച്കുള (ഹരിയാന)∙ മാധ്യമപ്രവർത്തകൻ റാംചന്ദർ ഛത്രപതി കൊല്ലപ്പെട്ട കേസിൽ ദേര സച്ച സൗദ തലവൻ ഗുർമീത് റാം റഹീം സിങ് ഉൾപ്പെടെ 4 പേർ കുറ്റക്കാരാണെന്നു സിബിഐ കോടതി വിധിച്ചു. ശിക്ഷ 17നു വിധിക്കും. മാനഭംഗ കേസുകളിൽ 20 വർഷം തടവിനു ശിക്ഷിക്കപ്പെട്ട ഗുർമീത് നിലവിൽ റോത്തക്കിലെ ജയിലിലാണ്.
2002 ഒക്ടോബറിലാണ് റാംചന്ദർ വീടിനു സമീപം വെടിയേറ്റു മരിച്ചത്. സിർസയിലെ ദേര ആസ്ഥാനത്ത് സ്ത്രീകൾ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നതു സംബന്ധിച്ച് ഛത്രപതിയുടെ ‘പൂര സച്ച്’ പത്രത്തിൽ കത്ത് പ്രസിദ്ധീകരിച്ചതിനു പിന്നാലെയായിരുന്നു കൊലപാതകം. 2006 ൽ സിബിഐ ഏറ്റെടുത്ത കേസിൽ ഗൂഢാലോചന കുറ്റമാണ് ഗുർമീതിനെതിരെ ചുമത്തിയിരിക്കുന്നത്. ജയിലിൽ നിന്ന് വിഡിയോ കോൺഫറൻസിങ്ങിലൂടെയായിരുന്നു ഗുർമീതിന്റെ വിചാരണ.
ദേര ആസ്ഥാനത്ത് 1999 – 2001 കാലയളവിൽ ആശ്രമ അന്തേവാസികളായ 2 യുവതികളെ മാനഭംഗപ്പെടുത്തിയ കേസുകളിലാണ് ഗുർമീത് നിലവിൽ ശിക്ഷ അനുഭവിക്കുന്നത്. 2017 ഓഗസ്റ്റിൽ ഈ കേസിൽ കുറ്റക്കാരനാണെന്നു കോടതി വിധിച്ചതിനു പിന്നാലെ അനുയായികൾ നടത്തിയ അക്രമങ്ങളിലും പൊലീസ് വെടിവയ്പിലും 38 പേർ കൊല്ലപ്പെട്ടിരുന്നു.