യുപിയിൽനിന്ന് തുടങ്ങുന്നു അടവുനയം; ഇക്കുറി ബിജെപി നന്നായി വിയർക്കും

ന്യൂഡൽഹി ∙ ഉത്തർ പ്രദേശിൽ ബിജെപിക്ക് എത്ര സീറ്റ് കുറയും? എസ്പിയും ബിഎസ്പിയും ശനിയാഴ്ച തിരഞ്ഞെടുപ്പ് സഖ്യം പ്രഖ്യാപിച്ചതോടെ ഇതാണ് മുഖ്യ ചോദ്യം. കാരണം 2014–ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി നേടിയ 71 സീറ്റ് അവർക്കു ലഭിക്കാവുന്ന പരമാവധി സീറ്റാണ്. അവരുടെ സഖ്യകക്ഷിയായ അപ്നാ ദളിന് രണ്ടു സീറ്റും കിട്ടിയിരുന്നു. എസ്പിക്ക് അഞ്ചു സീറ്റും കോൺഗ്രസ്സിന് രണ്ടു സീറ്റും അന്നു ലഭിച്ചപ്പോൾ ബിഎസ്പിക്ക് ഒരു സീറ്റും കിട്ടിയില്ല.

എത്ര അനുകൂലമായ സാഹചര്യമുണ്ടായാലും ബിജെപിക്ക് 2014ലെ വിജയം നിലനിർത്താൻ കഴിയുമെന്ന് അവർ തന്നെ കരുതുന്നില്ല. അന്ന് നിലനിന്ന മോദി തരംഗം ഇപ്പോഴില്ല.

∙ കാൽ നൂറ്റാണ്ട്

എസ്പിയും ബിഎസ്പിയും ഒരുമിച്ചു ചേരുന്നത് 24 വർഷത്തിനു ശേഷമാണ്. 1993ൽ സഖ്യമുണ്ടാക്കുമ്പോൾ മുലായം സിങ് യാദവായിരുന്നു എസ്പിയുടെ തലപ്പത്ത്. ബിഎസ്പിയുടെ സ്ഥാപക നേതാവ് കാൻഷിറാമായിരുന്നു മറുഭാഗത്ത്. രണ്ടു പാർട്ടിയും ഒരു തലമുറ മാറ്റത്തിനു വിധേയമായിക്കഴിഞ്ഞു. മായാവതിയും അഖിലേഷ് യാദവുമാണ് ഇപ്പോൾ സഖ്യം ഒപ്പിടുന്നത്.

1993ലെ സഖ്യത്തിനു ശേഷം മുലായം സിങ് യാദവാണ് മുഖ്യമന്ത്രിയായത്. 18 മാസങ്ങൾക്കു ശേഷം മായാവതി സഖ്യത്തിൽ നിന്ന് പിൻമാറി. 1985ൽ ലക്നൗ ഗസ്റ്റ് ഹൗസിൽ മായാവതിയെ എസ്പി പ്രവർത്തകർ കൈയേറ്റം ചെയ്തത് ഇന്നും സഖ്യത്തിലെ കറുത്ത പാടായി അവശേഷിക്കുന്നു.

∙ മാറിയ ബിജെപി

അന്നും ബിജെപിയെ പരാജയപ്പെടുത്തുക എന്ന മുഖ്യ ലക്ഷ്യത്തോടെയായിരുന്നു എസ്പിയും ബിഎസ്പിയും ഒരുമിച്ചത്. അന്ന് നിയമസഭാ തിരഞ്ഞെടുപ്പിൽ എസ്പി 256 സീറ്റിൽ മത്സരിച്ച് 109ലും ബിഎസ്പി 164ൽ മത്സരിച്ച് 67 സീറ്റിലും വിജയിച്ചു. എന്നാൽ ബിജെപി 177 സീറ്റിൽ വിജയിച്ചു. 18 മാസത്തെ ഭരണത്തിനു ശേഷം മുലായം സിങ്ങിനെ താഴെയിറക്കി കാൻഷി റാം ചെയ്തത് ബിജെപിയുമായി സഖ്യമുണ്ടാക്കുകയായിരുന്നു.

ഇന്നു പക്ഷേ ബിജെപി കൂടുതൽ ശക്തമായ നിലയിലാണ്. കേന്ദ്രത്തിൽ ഒറ്റയ്ക്ക് ഭരിക്കാൻ അവർക്ക് ഭൂരിപക്ഷമുണ്ട്. സംസ്ഥാനത്ത് യോഗി ആദിത്യനാഥ് സർക്കാർ അധികാരത്തിലാണ്. അധികാരം, പണം, സ്വാധീനശേഷി എന്നിങ്ങനെ എല്ലാ നിലയിലും തിരഞ്ഞെടുപ്പ് ഗോദയിൽ ബിജെപി മുന്നിലാണ്.

∙ കോൺഗ്രസ് നീക്കം തന്ത്രപരം

കോൺഗ്രസ് ഈ സഖ്യത്തിലില്ല എന്ന് പറയുമ്പോൾത്തന്നെ അമേഠി, റായ്ബറേലി സീറ്റുകൾ ഒഴിച്ചിടുക വഴി വ്യക്തമായ സന്ദേശമാണ് ഈ സഖ്യം നൽകുന്നത്. കോൺഗ്രസിനു വിജയസാധ്യതയുള്ള മണ്ഡലങ്ങളിൽ ഈ സഖ്യം ഒരു സൗഹൃദ മത്സരമായിരിക്കും മുന്നോട്ടു വയ്ക്കുക. 2014–ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആറ് മണ്ഡലങ്ങളിൽ എസ്പിക്കും ബിഎസ്പിക്കും കോൺഗ്രസ്നേക്കാൾ കുറച്ചു സീറ്റേ ലഭിച്ചിരുന്നുള്ളൂ. സാലിംപൂർ, ഹർദ്ദോയി, ബാരാബങ്കി, സുൽത്താൻപൂർ, ബധോനി, അലിഗഡ്, ദൗരാനാ, ഉന്നാവോ എന്നിവയാണ് ഈ മണ്ഡലങ്ങൾ.

കോൺഗ്രസിനു മുൻതൂക്കമുള്ള ഏതാനും മണ്ഡലങ്ങളിൽ എസ്പി – ബിഎസ്പി സഖ്യം പ്രത്യേക അടവുനയമായിരിക്കും കൈക്കൊള്ളുക. കോൺഗ്രസുമായി സഖ്യമുണ്ടാക്കിയാൽ അവർക്ക് വോട്ട് മറിക്കാൻ പലപ്പോഴും കഴിയുന്നില്ല എന്നാണ് മായാവതിയുടെ പരാതി.

∙ തുല്യശക്തികൾ

എസ്പിയും ബിജെപിയും ഉത്തർപ്രദേശ് രാഷ്ട്രീയത്തിൽ തുല്യ ശക്തികളാണ്. 2014ലെ തിരഞ്ഞെടുപ്പിൽ 44 മണ്ഡലങ്ങളിൽ ബിഎസ്പിക്കായിരുന്നു വോട്ട് കൂടുതൽ. 36 മണ്ഡലങ്ങളിൽ എസ്പിക്കു വോട്ട് കൂടുതൽ. ഇപ്പോൾ ഇരുവരും തീരുമാനിച്ചിരിക്കുന്നത് 38 സീറ്റുകളിൽ വീതം മത്സരിക്കുക എന്നാണ്. ഏതൊക്കെയാണ് സീറ്റുകൾ എന്ന് തീരുമാനിച്ചിട്ടില്ല.

2014ൽ ബിജെപിക്ക് ലഭിച്ചത് 43.3 ശതമാനം വോട്ടുകളായിരുന്നു. എസ്പിക്ക് 22. 35 ശതമാനവും ബിഎസ്പിക്ക് 19.77 ശതമാനവുമായിരുന്നു വോട്ടു കിട്ടിയത്. എസ്പി , ബിഎസ്പി വോട്ടുകൾ കൂട്ടിയാൽ ഇത് 42.12 ശതമാനമാകും. എസ്പി, ബിഎസ്പി സഖ്യത്തെ അവഗണമിക്കാൻ ബിജെപിക്ക് കഴിയില്ല. 41 സീറ്റുകളിൽ എസ്പി–ബിഎസ്പി സഖ്യം ബിജെപിയേക്കാൾ വോട്ടു നേടിയിരുന്നു.

∙ പകുതി വരെ കുറയാം

ഉത്തർപ്രദേശിൽ നടന്ന മൂന്ന് ഉപതിരഞ്ഞെടുപ്പുകളിൽ ഒന്നിൽപ്പോലും വിജയിക്കാൻ ബിജെപിക്ക് കഴിഞ്ഞിട്ടില്ല. എസ്പിയും ബിഎസ്പിയും ഒരുമിച്ചു വന്നതോടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവച്ച ഗോരഖ്പൂർ സീറ്റിൽപ്പോലും വിജയിക്കാൻ കഴിഞ്ഞില്ല. ഫുൽപുർ, കയ്റാന ഉപതിരഞ്ഞെടുപ്പുകളിലും ബിജെപി തോൽവി അറിഞ്ഞു.

രാജ്യത്ത് ഏറ്റവും കൂടുതൽ ലോക്സഭാ സീറ്റുകളുള്ള സംസ്ഥാനമാണ് യുപി (80). ഇതിൽ 71ലും ജയിച്ച ബിജെപിക്ക് ഇത്തവണ 36 മുതൽ 52 വരെ സീറ്റുകൾ കുറയും എന്നാണ് മധ്യപ്രദേശ്, രാജസ്ഥാൻ, ചത്തീസ്ഗഡ് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകൾക്കു ശേഷം നടത്തിയ സർവേകളിൽ കാണുന്നത്. ബി ജെപിക്ക് 48 സീറ്റ് വരെ കുറയാമെന്നും 23 സീറ്റുമായി തൃപ്തിപ്പെടേണ്ടി വരുമെന്നുമാണ് ഒരു സർവേ. മറ്റൊരു സർവേ ബിജെപിക്ക് നൽകിയിരിക്കുന്നത് 35 സീറ്റാണ്. ഇവ രണ്ടും വ്യക്തമാക്കുന്നത് ലോക്സഭയിൽ 2014ലെ സംഖ്യാബലം നിലനിർത്താൻ ബിജെപിക്ക് കഴിയില്ല എന്നാണ്.

∙ സഖ്യം ഒരു രാസത്വരകം

ഉത്തർപ്രദേശിലെ സഖ്യം രാജ്യത്ത് കോൺഗ്രസ്, ബിജെപി മുന്നണികളിൽപ്പെടാത്ത കക്ഷികൾക്ക് ആവേശം പകർന്നിരിക്കുകയാണ്. െഎക്യ പുരോഗമന മുന്നണിയിലോ ദേശീയ ജനാധിപത്യ സഖ്യത്തിലോ ഇല്ലാത്തവരും വിവിധ സംസ്ഥാനങ്ങളിൽ സ്വാധീനമുള്ളവരുമായി പതിനഞ്ചോളം കക്ഷികളുണ്ട്. ഒരു മൂന്നാം ചേരിക്കു രൂപം കൊടുക്കാനുള്ള പ്രചോദനമാണ് അവർക്ക് ഈ സഖ്യം നൽകുന്നത്.

ആം ആദ്മി പാർട്ടി, എെഎഎഡിഎംകെ, ഇടതുപക്ഷ കക്ഷികളായ സിപിഎം, സിപിെഎ, ഫോർവേഡ് ബ്ളോക്ക്, ആർഎസ്പി എന്നിവരും തൃണമൂൽ കോൺഗ്രസ്, ബിജു ജനതാദൾ, ടിആർഎസ്, പിഡിപി തുടങ്ങിയവർ ഇക്കൂട്ടത്തിലുണ്ട്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് രൂപം കൊള്ളുന്ന വിവിധ സഖ്യങ്ങളുടെ നേതൃനിരയിലേക്ക് ഉയർന്നു നിൽക്കുകയാണ് ഇപ്പോൾ എസ്പി–ബിഎസ്പി സഖ്യം.