നേപ്പാൾ കരസേനാ മേധാവിക്ക് ഇന്ത്യയുടെ ഓണററി ജനറൽ പദവി

ന്യൂഡൽഹി∙ നേപ്പാൾ കരസേനാ മേധാവിക്ക് രാഷ്ട്രപതി റാം നാഥ് കോവിന്ദ് ഇന്ത്യൻ സേനാ മേധാവിയുടെ ഓണററി ജനറൽ പദവി സമ്മാനിച്ചു. നേപ്പാൾ സേനാ മേധാവി ജനറൽ പൂർണ ചന്ദ്ര ഥാപ്പയ്ക്കാണ് ആദരസൂചകമായി റാങ്ക് സമ്മാനിച്ചത്. സൈനിക മേഖലയിലെ അനുഭവപരിചയവും ഇരുരാജ്യങ്ങളും തമ്മിലുള്ള ഊഷ്മള ബന്ധം നിലനിർത്തുന്നതിനു നൽകിയ സേവനങ്ങളും കണക്കിലെടുത്താണ് ബഹുമതിയെന്നു രേഖപ്പെടുത്തിയ പ്രശസ്തിപത്രവും കൈമാറി. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ കേന്ദ്ര പ്രതിരോധ സഹമന്ത്രി സുഭാഷ് ഭാംറെയും കര, നാവിക, വ്യോമ സേനാ മേധാവികളും പങ്കെടുത്തു. 

ഇന്ത്യയിലെ നാഷനൽ ഡിഫൻസ് കോളജിലെ പൂർവ വിദ്യാർഥിയായ ഥാപ്പ 1980 ലാണു സേനയിൽ ചേർന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ സേനാ മേധാവിയായി. മദ്രാസ് സർവകലാശാലയിൽ നിന്നു ഡിഫൻസ് – സ്ട്രാറ്റജിക് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. 

സേനാ ആസ്ഥാനത്ത് മിലിട്ടറി സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. നേപ്പാൾ സേനാ മേധാവി പദവിയേറ്റെടുത്ത ശേഷം ജനറൽ ഥാപ്പ നടത്തുന്ന ആദ്യ വിദേശ സന്ദർശനമാണിത്. 

അംഗീകാരമുദ്ര

കരസേനാ മേധാവിയുടെ റാങ്ക് പരസ്പരം ബഹുമാനാർഥം നൽകുന്നത് ഇന്ത്യ – നേപ്പാൾ സേനകൾ തമ്മിൽ 1950 മുതൽ നിലനിൽക്കുന്ന ആചാരത്തിന്റെ ഭാഗമാണ്. കഴിഞ്ഞ ജൂലൈയിൽ നേപ്പാൾ സന്ദർശിച്ച ഇന്ത്യൻ സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് സമാനരീതിയിൽ നേപ്പാൾ രാഷ്ട്രപതി ബിദ്യാദേവി ഭണ്ഡാരിയിൽ നിന്ന് അവിടുത്തെ സേനാ മേധാവിയുടെ അംഗീകാരമുദ്ര സ്വീകരിച്ചിരുന്നു. ഫീൽഡ് മാർഷൽ കെ.എം. കരിയപ്പയാണു നേപ്പാൾ സേനയുടെ ജനറൽ പദവി ഏറ്റുവാങ്ങിയ ആദ്യ ഇന്ത്യൻ സേനാ മേധാവി.