യുപിയിൽ കോൺഗ്രസില്ലാതെ ബിഎസ്പി-എസ്പി സഖ്യം, ‘ബി+എസ്പി’

ലക്നൗ∙ കോൺഗ്രസിനെ കൈവിട്ട് യുപിയിൽ എസ്പിയും ബിഎസ്പിയും സഖ്യത്തിനു കൈ കൊടുത്തു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒന്നിച്ചു മൽസരിക്കുമെന്ന് സംയുക്ത വാർത്താ സമ്മേളനത്തിൽ മായാവതിയും (ബിഎസ്പി) അഖിലേഷ് യാദവും (എസ്പി) പ്രഖ്യാപിച്ചു. 80 സീറ്റുള്ള സംസ്ഥാനത്ത് ഇരു കക്ഷികളും 38 എണ്ണത്തിൽ വീതം മൽസരിക്കും.

കോൺഗ്രസുമായി സഖ്യമില്ലെങ്കിലും രാഹുൽ ഗാന്ധിയുടെ മണ്ഡലമായ അമേഠിയിലും സോണിയ ഗാന്ധിയുടെ റായ്ബറേലിയിലും സ്ഥാനാർഥികളെ നിർത്തില്ല. ബാക്കിയുള്ള 2 സീറ്റ് ഒഴിച്ചിടും. ഇത് ആർഎൽഡിക്കു നൽകിയേക്കും. സഖ്യത്തിന്റെ ഭാഗമാകുമെന്നു കരുതുന്ന ആർഎൽഡി പക്ഷേ, ചുരുങ്ങിയത് 6 സീറ്റ് വേണമെന്ന നിലപാടിലാണ്.

കോൺഗ്രസിനെയും ബിജെപിയെയും ഒരുപോലെ മായാവതി ആക്രമിച്ചപ്പോൾ, അഖിലേഷ് കോൺഗ്രസിനെതിരെ രൂക്ഷ വിമർശനം ഉന്നയിക്കാതിരുന്നതു ശ്രദ്ധേയമായി. കോൺഗ്രസും ബിജെപിയും അഴിമതിയിൽ മുങ്ങി നിൽക്കുകയാണെന്നു കുറ്റപ്പെടുത്തിയ മായാവതി, എസ്പി – ബിഎസ്പി സഖ്യത്തെ ചരിത്രപരമെന്നും രാഷ്ട്രീയ വിപ്ലവമെന്നും വിശേഷിപ്പിച്ചു. ഇനി മുതൽ മായാവതിയെ അപമാനിച്ചാൽ അതു തന്നെ അപമാനിക്കുന്നതിനു തുല്യമാണെന്നു പാർട്ടി പ്രവർത്തകർ ഓർക്കണമെന്ന് അഖിലേഷ് പറഞ്ഞത്, ഇരു നേതാക്കൾക്കുമിടയിലെ പരസപര ബഹുമാനത്തിനു തെളിവായി. എന്നാൽ, മായാവതിയെ പ്രധാനമന്ത്രി സ്ഥാനത്തേക്കു പിന്തുണയ്ക്കുമോ എന്ന ചോദ്യത്തിന് നേരിട്ടു മറുപടി നൽകുന്നതിനു പകരം, ‘യുപി എല്ലാക്കാലത്തും പ്രധാനമന്ത്രിമാരെ സംഭാവന ചെയ്തിട്ടുണ്ട്. അടുത്ത തവണയും അതുണ്ടായാൽ സന്തോഷം’ എന്ന് അഖിലേഷ് സൂചിപ്പിച്ചു.

കോൺഗ്രസിനെ കൈവിട്ടത് എന്തിന്?

എസ്പി, ബിഎസ്പി വാദം ഇങ്ങനെ:

∙ സഖ്യം കൊണ്ടുള്ള ഗുണം കോൺഗ്രസിനു മാത്രം; എസ്പിക്കും ബിഎസ്പിക്കും നഷ്ടം മാത്രം. മുൻ അനുഭവം അതാണ്.

∙ വോട്ടുകൾ കൈമാറി സഖ്യ സ്ഥാനാർഥിയുടെ വിജയം ഉറപ്പാക്കണമെന്ന ധാരണ കോൺഗ്രസ് പാലിക്കാറില്ല.

∙ 2017 നിയമസഭാ തിരഞ്ഞെടുപ്പിൽ എസ്പി പരാജയപ്പെട്ടതു കോൺഗ്രസ് സഖ്യം മൂലം.

ഇതിനു മുൻപ് 1993ൽ

എസ്പിയും ബിഎസ്പിയും സംസ്ഥാനതലത്തിൽ ഇതിനു മുൻപ് സഖ്യത്തിലേർപ്പെട്ടത് 1993 ൽ. നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ അധികാരത്തിൽ നിന്ന് അകറ്റാൻ എസ്പി നേതാവ് മുലായം സിങ് യാദവും മായാവതിയും അന്നു കൈകോർത്തു. എന്നാൽ, ഒന്നര വർഷത്തിനു ശേഷം മുലായം സർക്കാരിനുള്ള പിന്തുണ മായാവതി പിൻവലിച്ചു. കഴിഞ്ഞ വർഷം നടന്ന ഫുൽപുർ, ഗോരഖ്പുർ ലോക്സഭാ ഉപതിരഞ്ഞെടുപ്പുകളിൽ ബിഎസ്പി പിന്തുണയോടെ എസ്പി സ്ഥാനാർഥികൾ വിജയിച്ചിരുന്നു.

കോൺഗ്രസിന് ഇനിയെന്ത് ?

കോൺഗ്രസ് തനിച്ചു മൽസരിക്കും. രാഷ്ട്രീയ നിലപാട് തീരുമാനിക്കാൻ ഇന്ന് ലക്നൗവിൽ പാർട്ടി യോഗം ചേരും. തിരഞ്ഞെടുപ്പിനു ശേഷം എസ്പിയും ബിഎസ്പിയുമായുള്ള സഖ്യ സാധ്യത പരിശോധിക്കും.