ന്യൂഡൽഹി∙ സിഖ് ഗുരുവിന്റെ ജന്മവാർഷികാഘോഷച്ചടങ്ങിൽ കർതാർപൂർ തീർഥാടന ഇടനാഴി വഴി ചരിത്രത്തിലേക്കു ‘തിരിച്ചുനടന്ന്’ നരേന്ദ്ര മോദിയുടെ കോൺഗ്രസ് വിമർശനം. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെ സദസ്സിലിരുത്തിയായിരുന്നു പ്രധാനമന്ത്രിയുടെ ഒളിയമ്പ്.
കർതാർപുർ ഇടനാഴിയുടെ നിർമാണത്തിനു വഴിയൊരുക്കി ‘1947ലെ തെറ്റുകൾ’ തങ്ങൾ തിരുത്തുകയാണെന്നാണു മോദി അവകാശപ്പെട്ടത്. സിഖ് ഗുരുവായിരുന്ന ഗുരു ഗോബിന്ദ് സിങ്ങിന്റെ 350–ാം ജന്മവാർഷികവുമായി ബന്ധപ്പെട്ട നാണയം പുറത്തിറക്കുന്ന ചടങ്ങിലായിരുന്നു മോദിയുടെ പ്രസംഗം. പ്രധാനമന്ത്രിയുടെ വസതിയിൽത്തന്നെയാണു പരിപാടി സംഘടിപ്പിച്ചത്. അമ്മമാരുടെയും സഹോദരിമാരുടെയും മക്കളുടെയും കണ്ണീർ തുടയ്ക്കാനും നീതി ഉറപ്പാക്കാനും നിയമം വേണ്ടതു ചെയ്യുമെന്നു സിഖ് വിരുദ്ധ കലാപം പരാമർശിച്ചു മോദി പറഞ്ഞതും കോൺഗ്രസിനുള്ള പരോഷ വിമർശനമായി.
പാക്കിസ്ഥാനിലുള്ള ഗുരുദ്വാര ഒരു നോക്കുകണ്ടു പ്രാർഥിക്കാൻ ദൂരദർശിനി വഴി നോക്കേണ്ട അവസ്ഥ പഴങ്കഥയായെന്നും വീസയുടെ പോലും ആവശ്യമില്ലാതെ തീർഥാടന ഇടനാഴി ഉപയോഗിക്കാകുമെന്നതു വലിയ നേട്ടമാണെന്നും മോദി പറഞ്ഞു.
സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാറും ചടങ്ങിൽ പങ്കെടുത്തു.
∙ പ്രധാനമന്ത്രി നരേന്ദ്ര മോദി: 1947 ഓഗസ്റ്റിൽ ഒരു തെറ്റു സംഭവിച്ചു. ആ തെറ്റിനുള്ള പ്രായശ്ചിത്തമാണ് കർതാർപുർ ഇടനാഴി. നമ്മുടെ ഗുരുവുമായി ബന്ധപ്പെട്ട സുപ്രധാന സ്ഥലം ഏതാനും കിലോമീറ്റർ മാത്രം അകലെയായി സ്ഥിതി ചെയ്യുന്നു. അന്നത് ഇന്ത്യയുടെ ഭാഗമാക്കാനായില്ല. ഇടനാഴിയിലൂടെ ആ വീഴ്ച പരിഹരിക്കുകയാണ്... 1984ൽ തുടങ്ങിയ അനീതിയുടെ കാലത്തിന് നീതി ലഭ്യമാക്കാനാണു കേന്ദ്രസർക്കാർ ശ്രമിക്കുന്നത്.