ജയ്പുർ∙ രാജസ്ഥാനിൽ ബിജെപി നിയമസഭാകക്ഷിനേതാവായി മുൻ ആഭ്യന്തര മന്ത്രി ഗുലാബ് ചന്ദ് കട്ടാരിയയെ തിരഞ്ഞെടുത്തു. സ്വാഭാവികമായും കട്ടാരിയ തന്നെ പ്രതിപക്ഷ നേതാവുമാകും.
പാർട്ടി ദേശീയ നിരീക്ഷകനായി എത്തിയ കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലി പങ്കെടുത്ത യോഗത്തിലാണു തീരുമാനം. രാജസ്ഥാനിലെ ബിജെപിയിൽ മുൻമുഖ്യമന്ത്രി വസുന്ധര രാജെയുടെ 15 വർഷം നീണ്ട മേൽക്കോയ്മയാണ് ഇതോടെ അവസാനിക്കുന്നത്. 200 അംഗ സഭയിൽ പാർട്ടിക്ക് ലഭിച്ച 73 എംഎൽഎമാരിൽ കൂടുതൽ പേരും വസുന്ധരയെ പിന്തുണയ്ക്കുന്നവരാണെന്നതും ഗുണം ചെയ്തില്ല.
സംസ്ഥാനത്തുനിന്നു മാറ്റി നിർത്തുന്നതിന്റെ ഭാഗമായി ദേശീയ വൈസ് പ്രസിഡന്റായി വസുന്ധരയെ കഴിഞ്ഞ ദിവസം നിയമിച്ചിരുന്നു. മോദി – അമിത് ഷാ കൂട്ടുകെട്ടിനു നേരത്തേതന്നെ അനഭിമതയായ വസുന്ധര ആർഎസ്എസ് നേതൃത്വത്തിന്റെ അപ്രീതിക്കും പാത്രമായി.
കോൺഗ്രസിന്റെ ഗിരിജാ വ്യാസിനെ പരാജയപ്പെടുത്തി, ഉദയ്പുർ മണ്ഡലം നിലനിർത്തിയാണ് കട്ടാരിയ (74) ഇത്തവണ നിയമസഭയിലെത്തിയത്.