ചാരവൃത്തി: സൈനികൻ പിടിയിൽ; 50 സൈനികർ കെണിയിൽ കുടുങ്ങിയെന്നു സൂചന

SOM-VIR-SINGH
SHARE

ന്യൂഡൽഹി∙ പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐക്കു വിവരങ്ങൾ ചോർത്തി നൽകിയ സൈനികൻ അറസ്റ്റിൽ.

രാജസ്ഥാനിലെ ജയ്‌സാൽമീറിലാണ് ഹരിയാന സ്വദേശിയായ സോംവീർ സിങ് അറസ്റ്റിലായതെന്നു സൈന്യം സ്ഥിരീകരിച്ചു. പെൺകെണിയിൽ കുടുങ്ങിയ ഇയാൾ അടക്കമുള്ള അൻപതോളം സൈനികർ രഹസ്യാന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലാണ്. രാജസ്ഥാൻ സ്പെഷൽ ടാസ്ക് ഫോഴ്സും മിലിട്ടറി ഇന്റലിജൻസും ഇവരെ ചോദ്യം ചെയ്തു. രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇവർ വഴി ചോർത്തിയെടുത്തെന്നാണ് സംശയം.

2016ൽ ഫെയ്‌സ്ബുക് വഴിയാണ് സോംവീർ സിങ് ഐഎസ്ഐയുടെ വലയിലായത്. സേനയിലെ നഴ്സിങ് വിഭാഗത്തിൽ ക്യാപ്റ്റൻ റാങ്കിലുള്ള അനിക ചോപ്ര എന്നു പരിചയപ്പെടുത്തിയ യുവതി സാരി ധരിച്ചുള്ള ചിത്രമാണു പ്രൊഫൈലായി നൽകിയിരുന്നത്.

മെസഞ്ചർ ആപ്ലിക്കേഷൻ വഴി ചാറ്റിങ് പതിവാക്കിയ സോംവീർ, സൈനിക നീക്കങ്ങളുമായി ബന്ധപ്പെട്ടതും തന്റെ യൂണിറ്റുമായി ബന്ധപ്പെട്ടതുമായ വിവരങ്ങൾ കൈമാറി. ഇടപാടിന് പിന്നീട് ഇയാൾക്കു പ്രതിഫലം ലഭിച്ചതായും സൂചനയുണ്ട്. സൈന്യം നടത്തിയ അന്വേഷണത്തിലാണു യുവതി ഉപയോഗിക്കുന്ന ഫോൺ പാക്കിസ്ഥാനിലാണെന്നു തെളി‍ഞ്ഞത്.

യുവതികളെ ഉപയോഗിച്ചുള്ള ചാരപ്രവർത്തനം നേരത്തെ തന്നെയുണ്ട്. എന്നാൽ, സൈനികർ സമൂഹമാധ്യമങ്ങളിൽ സജീവമായതോടെ ഇത് എളുപ്പമായെന്നാണ് വിലയിരുത്തൽ. കരസേനാ മേധാവി ബിപിൻ റാവത്ത് അടക്കമുള്ളവർ ഇതുസംബന്ധിച്ച ആശങ്ക അറിയിച്ചിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA