ഭോപാൽ ∙ മധ്യപ്രദേശിൽ കോൺഗ്രസ് നേതാവിന്റെ മകളെ കൊലപ്പെടുത്തിയ കേസിൽ ബിജെപി പ്രാദേശിക നേതാവും 3 മക്കളും അവരുടെ സഹായിയും അറസ്റ്റിൽ. ‘ദൃശ്യം’ ഹിന്ദി സിനിമ മാതൃകയിൽ മൃതദേഹത്തിനു പകരം പട്ടിയുടെ ജഡം കുഴിച്ചിട്ടും മൊബൈൽഫോൺ മറ്റൊരിടത്തു കൊണ്ടിട്ടും കേസ് വഴി തെറ്റിച്ചതിനാൽ 2 വർഷത്തിനു ശേഷമാണ് അറസ്റ്റ്.
ഇരുപതുകാരിയായ ട്വിങ്കിൾ ഡാഗ്രെയാണു കൊല്ലപ്പെട്ടത്. ബിജെപി പ്രാദേശിക നേതാവ് ജഗ്ദീഷ് കരോട്ടിയ (65)യുടെ കാമുകിയായിരുന്ന ട്വിങ്കിൾ, വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ടതാണു കൊലപാതകത്തിലേക്കു നയിച്ചത്. കരോട്ടിയയുടെ മക്കളായ അജയ് (36), വിജയ് (38), വിനയ് (31), അവരുടെ സുഹൃത്ത് നീലീഷ് (28) എന്നിവരുടെ സഹായത്തോടെ കൊലപാതകം നടത്തിയെന്നാണു പൊലീസ് കേസ്. 5 പേരും അറസ്റ്റിലായി.
2016 ഒക്ടോബറിലായിരുന്നു കൊലപാതകം. ട്വിങ്കിളിനു ജഗ്ദീഷ് വാങ്ങി നൽകുന്ന സ്ഥലം കാണിക്കാനെന്ന പേരിൽ കൂട്ടിക്കൊണ്ടു പോയി അവിടെവച്ചു കൊലപ്പെടുത്തി. മൃതദേഹം കാറിൽ മറ്റൊരിടത്തു കൊണ്ടു പോയി കത്തിച്ചു. പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനായി കുഴിയെടുത്തു പട്ടിയുടെ ജഡം മറവു ചെയ്യുകയും ചെയ്തു.
കൊലപാതകം നടന്നതായി അജ്ഞാത ഫോൺ സന്ദേശവും ഇവർ പൊലീസിനു നൽകി. പൊലീസ് സ്ഥലം പരിശോധിച്ചപ്പോൾ പട്ടിയുടെ ജഡമാണു കണ്ടത്.
ട്വിങ്കിളുമായി അടുപ്പമുള്ള യുവാവിന്റെ സ്ഥലത്തു ട്വിങ്കിളിന്റെ മൊബൈൽ ഉപേക്ഷിക്കുകയും ചെയ്തു. യുവതി മാതാപിതാക്കളുമായി പിണങ്ങി വീടുവിട്ടതിനാൽ അവരും സംശയ നിഴലിലായിരുന്നു.