ന്യൂഡൽഹി ∙ നിലവിലെ സ്ഥിതി തുടർന്നാൽ, ഇന്ത്യയുടെ കടബാധ്യത വർധിക്കുമെന്നു വിലയിരുത്തൽ. നിക്ഷേപത്തിനുള്ള ഗ്രേഡിങ്ങിലടക്കം രാജ്യത്തിനു തിരിച്ചടിയാവുന്ന നിലയിലാണ് നിലവിൽ ധനകമ്മി ഉയരുന്നത്.
മൊത്തം സമ്പദ് വ്യവസ്ഥയുടെ (ജിഡിപി) 3.3% ആയി കമ്മി ചുരുക്കുകയായിരുന്നു ബജറ്റിൽ സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം. മുൻവർഷത്തെ പോലെ, ഇതു 3.5 % ആകുമെന്നാണ് നിലവിലെ പ്രവചനങ്ങൾ.തിരഞ്ഞെടുപ്പു വർഷത്തിൽ സർക്കാരിനു കൂടുതൽ വെല്ലുവിളി നൽകുന്നതാണ് കണക്കുകളും.
ഈ സാമ്പത്തിക വർഷം ലക്ഷ്യമിട്ടിരുന്ന മൊത്തം കമ്മി 6.24 ലക്ഷം കോടി രൂപയായിരുന്നു(ജിഡിപിയുടെ 3.3%). എന്നാൽ, അർധവാർഷിക കണക്കിൽ ഇതു 7.16 ലക്ഷം കോടി രൂപയായി. ലക്ഷ്യമിട്ടതിന്റെ 114.8 %. ഇതേ കാലയളവിൽ കഴിഞ്ഞവർഷം 112 % ആയിരുന്നു. കഴിഞ്ഞ രണ്ടു വർഷം ധനകമ്മി പ്രതീക്ഷിച്ചതു പോലെ ചുരുക്കാൻ സർക്കാരിനു കഴിഞ്ഞില്ല.തുടർച്ചയായി മൂന്നാം വർഷവും ഇതു തുടർന്നാൽ കൂടുതൽ ജനപ്രിയ പ്രഖ്യാപനങ്ങൾക്കുള്ള നീക്കം അപകടത്തിലാവും.
കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലി ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും സ്ഥിതി അത്ര പന്തിയില്ലെന്നു വ്യക്തം.ജിഎസ്ടി വരുമാനത്തിലെ ഇടിവ്, ഇന്ധനവിലയിലെ എക്സൈസ് തീരുവയിൽ വരുത്തിയ കുറവ് എന്നിങ്ങനെ സർക്കാർ പ്രതീക്ഷിച്ച മേഖലകളിൽ നിന്നൊന്നും വരുമാനമെത്തുന്നില്ല. പൊതുമേഖലയുടെ ഓഹരി വിൽപനയിലൂടെ സർക്കാർ ഇക്കൊല്ലം സമാഹരിക്കാൻ ലക്ഷ്യമിട്ട 80,000 കോടിയിൽ 15,000 കോടി രൂപ വരെ കുറയുമെന്നാണ് വിലയിരുത്തൽ.വ്യാവസായിക മേഖലയിലും കാര്യമായ നേട്ടമുണ്ടാകുന്നില്ലെന്നാണ് വിവരം.