R ആര്? സൂചന റഷ്യയിലേക്ക്; ക്രിസ്റ്റ്യൻ മിഷേലിന്റെ വെളിപ്പെടുത്തലിനെക്കുറിച്ച് പുതിയ റിപ്പോർട്ട്

ന്യൂഡൽഹി ∙ അഗസ്റ്റ വെസ്റ്റ്ലാൻഡ് ഹെലികോപ്്റ്റർ ഇടപാട് അഴിമതി കേസിൽ അന്വേഷകർ പിടിച്ചെടുത്ത ഒരു കടലാസിൽ ‘ആർ’ എന്ന് ഉദ്ദേശിച്ചിരിക്കുന്നത് റഷ്യയെയും ആ രാജ്യത്തെ പ്രതിരോധ ഇടനില കമ്പനിയായ റൊസൊബൊറോൺ എക്സ്പോർട്ടിനെയുമാണെന്നു ചോദ്യം ചെയ്യലിൽ ഇടനിലക്കാരൻ ക്രിസ്റ്റ്യൻ മിഷേൽ വെളിപ്പെടുത്തിയെന്നു സൂചന. ജുഡീഷ്യൽ കസ്റ്റഡിയിൽ തിഹാർ ജയിലിൽ കഴിയുന്ന മിഷേൽ, ഇടപാടിനു കോഴ കൊടുത്തെന്നും കൊടുത്തത് രണ്ടാമത്തെ ഇടനിലക്കാരനായ ഗ്വയ്ദോ ഹാഷ്കെയാണെന്നും അന്വേഷണ ഉദ്യോഗസ്ഥരോടു വെളിപ്പെടുത്തിയെന്ന് ഇംഗ്ലിഷ് ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.

മിഷേൽ മറ്റുള്ളവരുടെ പേരു പറഞ്ഞു പണം വാങ്ങുന്നവനാണെന്നു കഴിഞ്ഞയാഴ്ച ഹാഷ്കെ ഒരു ഓൺലൈൻ പ്രസിദ്ധീകരണത്തിനു നൽകിയ ഫോൺ അഭിമുഖത്തിൽ ആരോപിച്ചിരുന്നു. അതിനു പിന്നാലെയാണ് മിഷേലിന്റെ ‘വെളിപ്പെടുത്ത’ലിനെക്കുറിച്ചു റിപ്പോർട്ട് വന്നത്. അഗസ്റ്റ വെസ്റ്റ്ലാൻഡിനൊപ്പം റോസൊബൊറോൺ എക്സ്പോർട്ടും ഹെലികോപ്ടർ ഇടപാടു നേടാൻ ശ്രമിച്ചിരുന്നു. എന്നാൽ, കരാർ വ്യവസ്ഥകളിൽ ചിലതു സ്വീകാര്യമല്ലെന്ന കാരണത്താൽ 2007 ൽ പിൻമാറി.

നേരത്തേ, യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയെയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെയും കുറിച്ചു മിഷേൽ പരാമർശിച്ചതായി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ഡി.പി. സിങ് സിബിഐ കോടതിയിൽ ആരോപിച്ചിരുന്നു. ഏതു സാഹചര്യത്തിലാണു പരാമർശമുണ്ടായതെന്നു വെളിപ്പെടുത്താനാവില്ലെന്നും മിഷേലും മറ്റു ചിലരുമായുള്ള ആശയവിനിമയത്തിൽ ‘ആർ’ എന്നു ചുരുക്കപ്പേരുള്ള വലിയ ആളെക്കുറിച്ചു പരാമർശമുണ്ടെന്നും സിങ് പറഞ്ഞിരുന്നു. പിന്നാലെ, ബിജെപിയുടെ രാജ്യസഭാംഗവും മുൻ കേന്ദ്ര മന്ത്രിയുമായ നേതാവ് അഗസ്റ്റയെ കരിമ്പട്ടികയിൽ നിന്ന് ഒഴിവാക്കാൻ സഹായിച്ചെന്നു മിഷേൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് വെളിപ്പെടുത്തിയെന്ന് സൂചനയുണ്ടായി.

ഹെലികോപ്്റ്റർ ഇടപാടിൽ ആർക്കെങ്കിലും കൈക്കൂലി കൊടുത്തതായി താൻ കരുതുന്നില്ലെന്നാണു ഹാഷ്കെ അവകാശപ്പെട്ടത്. സ്വയം വലിയ ആളായി ചമയാൻ പ്രമുഖരുടെ പേരു പറയുന്ന രീതി മിഷേലിനുണ്ട്. തനിക്കു സോണിയയുമായോ കുടുംബത്തിലെ മറ്റാരെങ്കിലുമായോ ബന്ധമില്ല. കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ ചിത്രം ഇറ്റാലിയൻ കോടതിയിൽ  വച്ച് തന്നെ പ്രോസിക്യൂട്ടർ കാണിച്ചെന്നും ആദ്യമായാണ് ആ മുഖം കാണുന്നതെന്ന് അപ്പോൾ പറഞ്ഞുവെന്നും ഹാഷ്കെ അഭിമുഖത്തിൽ പറഞ്ഞു.

മിഷേലിന് ഫോൺ ചെയ്യാൻ അനുമതി

ന്യൂഡൽഹി ∙ കേസിൽ റിമാൻഡിലുള്ള മിഷേലിന് രാജ്യാന്തര ഫോൺ കോൾ നടത്താൻ സിബിഐ കോടതി അനുമതി നൽകി. ആഴ്ചയിൽ മൊത്തം 15 മിനിറ്റ് എത്ര നമ്പരുകളിലേക്കു വേണമെങ്കിലും വിളിക്കുന്നതിനു തടസ്സമില്ലെന്നു ജഡ്ജി അരവിന്ദ് കുമാർ വ്യക്തമാക്കി. തിഹാർ ജയിൽ സൂപ്രണ്ട് കോടതിയിൽ ഹാജരായിരുന്നു. ഫോൺ വിളിക്കാൻ അനുവദിക്കുന്നതിനു വ്യവസ്ഥയുള്ളപ്പോൾ എന്തുകൊണ്ടാണ് അനുമതി നൽകാതിരുന്നതെന്നു കോടതി ചോദിച്ചു. അപേക്ഷ ലഭിച്ചില്ലെന്നു സുപ്രണ്ട് മറുപടി നൽകി. എന്നാൽ, അപേക്ഷയുടെ പകർപ്പ് അഭിഭാഷകരമായ ആൽജോ കെ.ജോസഫ്, എം.എസ്. വിഷ്ണുശങ്കർ, ശ്രീറാം പറക്കാട്ട് എന്നിവർ ഹാജരാക്കി.