ജയ്പുർ ∙ അലഞ്ഞു തിരിയുന്ന പശുക്കളെ ദത്തെടുത്തു പരിപാലിക്കുന്നവരെ റിപ്പബ്ലിക് ദിനത്തിലും സ്വാതന്ത്ര്യദിനത്തിലും ആദരിക്കാൻ പദ്ധതിയുമായി രാജസ്ഥാൻ സർക്കാർ. പശു സ്നേഹികൾക്കൊപ്പം കർഷകരെയും ലക്ഷ്യമിട്ടാണു പുതിയ കോൺഗ്രസ് സർക്കാരിന്റെ തീരുമാനം. ഗോസംരക്ഷകരെന്ന പേരിൽ തീവ്ര ഹിന്ദു സംഘടനകൾ പ്രവർത്തനം വ്യാപിപ്പിച്ചതോടെ പശുക്കളെ ഒരു പ്രദേശത്തു നിന്നു മറ്റൊരിടത്തേക്കു കൊണ്ടുപോകുന്നതു പോലും ബുദ്ധിമുട്ടായി. ഇതോടെ മൂരിക്കിടാങ്ങളെയും കറവ കഴിഞ്ഞ പശുക്കളെയും കർഷകർ വഴിയിലുപേക്ഷിക്കുന്ന സ്ഥിതിയാണ്.
അലഞ്ഞു നടക്കുന്ന പശുക്കൾ കൃഷി നശിപ്പിക്കുന്നതാണു മറ്റൊരു പ്രശ്നം. ഇവയെ സംരക്ഷിക്കാൻ സർക്കാർ ഗോശാലകൾ സ്ഥാപിച്ചെങ്കിലും എണ്ണം പെരുകിയതോടെ സംരക്ഷണം താളം തെറ്റിയ സ്ഥിതിയിലാണ്. സർക്കാരിന്റെ പുതിയ പദ്ധതി പ്രകാരം നിശ്ചിത തുക നൽകി പശുക്കളെ ദത്തെടുത്തു ഗോശാലകളിൽത്തന്നെ സംരക്ഷിക്കുകയോ വീടുകളിൽ കൊണ്ടുപോയി വളർത്തുകയോ ചെയ്യാം. ഗോപാലന മന്ത്രാലയമാണ് ഇതു സംബന്ധിച്ച നിർദേശം നൽകിയത്. രാജ്യത്ത് ആദ്യമായി ഗോപാലന മന്ത്രിയെ നിയമിച്ച സംസ്ഥാനമാണു രാജസ്ഥാൻ.