ന്യൂഡൽഹി ∙ ജവാഹർലാൽ നെഹ്റു സർവകലാശാലയിൽ (ജെഎൻയു) രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചതുമായി ബന്ധപ്പെട്ട കേസിൽ വിദ്യാർഥി യൂണിയൻ മുൻപ്രസിഡന്റും സിപിഐ നേതാവുമായ കനയ്യ കുമാർ, ഉമർ ഖാലിദ്, അനിർഭൻ ഭട്ടാചാര്യ എന്നിവരടക്കം 10 പേർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ഡൽഹി പൊലീസ് കുറ്റപത്രം സമർപ്പിച്ചു. 2016 ഫെബ്രുവരി 11നു റജിസ്റ്റർ ചെയ്ത കേസിൽ 3 വർഷത്തിനു ശേഷമാണു 1200 പേജിലേറെ വരുന്ന കുറ്റപത്രം സമർപ്പിച്ചത്. കേസ് മെട്രൊപ്പൊലീറ്റൻ മജിസ്ട്രേട്ട് സുമിത് ആനന്ദ് ഇന്നു പരിഗണിക്കും.
ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിഹാറിലെ ബേഗുസരായ് മണ്ഡലത്തിൽ നിന്നു കനയ്യ കുമാർ മൽസരിക്കുമെന്ന വാർത്തകൾക്കിടെയാണു കേസ് വീണ്ടും സജീവമാകുന്നത്. ഭരിക്കുന്ന പാർട്ടിയുടെ രാഷ്ട്രീയ സ്വാധീനമാണു കുറ്റപത്രത്തിനു പിന്നിലെന്നായിരുന്നു കനയ്യ കുമാറിന്റെ പ്രതികരണം. ലോക്സഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് ഇത്തരമൊരു കുറ്റപത്രം സമർപ്പിക്കുന്നതിന്റെ രാഷ്ട്രീയം എല്ലാവർക്കുമറിയാമെന്ന് ഉമർ ഖാലിദ് പ്രതികരിച്ചു. രാജ്യദ്രോഹം, കലാപമുണ്ടാക്കാൻ അനുമതിയില്ലാതെ യോഗം ചേരൽ, വ്യാജരേഖ ചമയ്ക്കൽ, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.