ന്യൂഡൽഹി ∙ അഗസ്റ്റ വെസ്റ്റ് ലാൻഡ് ഹെലികോപ്റ്റർ ഇടപാട് കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ഇടനിലക്കാരൻ ക്രിസ്റ്റ്യൻ മിഷേലിന് ഫോൺ വിളിക്കാനുള്ള അനുമതി പുനഃപരിശോധിക്കാൻ ജയിൽ അധികൃതർ കോടതിയെ സമീപിച്ചെന്നു സൂചന. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും (ഇഡി) സിബിഐക്കും വേണ്ടത്ര തെളിവുകൾ ശേഖരിക്കാനാവാതെ അന്വേഷണം വഴിമുട്ടിയെന്ന് വിമർശനമുണ്ടായിരിക്കെയാണ് നടപടി.
മിഷേലിന് ആഴ്ചയിൽ 15 മിനിറ്റ് ഫോൺ സംഭാഷണമാകാമെന്ന് കോടതി കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. ബന്ധുക്കൾ, സുഹൃത്തുക്കൾ, അഭിഭാഷകർ എന്നിവരുമായി രാജ്യാന്തര ഫോൺ കോളിനാണ് കോടതി അനുമതി നൽകിയത്. മിഷേൽ അഭിഭാഷകനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ ഒരു കടലാസ് കൈമാറിയെന്നും യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിനെക്കുറിച്ചാണ് അതിൽ പരാമർശിച്ചതെന്നും സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ ആരോപിച്ചിരുന്നു.
എന്നാൽ, മിഷേലിന്റെ പിതാവിന് മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ അറിയാമായിരുന്നു എന്ന് മിഷേൽ ഉത്തരം നൽകാൻ കാരണമായ ചോദ്യം പിന്നീട് അന്വേഷകർ മാറ്റിയെന്ന ആരോപണമാണ് കുറിപ്പിലൂടെ മിഷേൽ ഉന്നയിച്ചതെന്നാണ് ഇഡി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഉത്തരത്തിൽ ‘മിസിസ് ഗാന്ധി’ എന്ന് എഴുതിയതിനെ, സോണിയ ഗാന്ധിയെ തനിക്ക് അറിയാമെന്നു മിഷേൽ പറയുന്ന രീതിയിലാക്കിയെന്നാണത്രെ അഭിഭാഷകനോടു പരാതിപ്പെട്ടത്.
കുറിപ്പു വിഷയം കോടതിയിൽ ഉന്നയിച്ചതിനെക്കുറിച്ച് ഇഡിയിൽ തന്നെ അഭിപ്രായ ഭിന്നതയുണ്ട്. അഭിഭാഷകരുമായി മിഷേലിനു കൂടിക്കാഴ്ച അനുവദിക്കുന്നതു നിയന്ത്രിക്കണമെന്ന് ഇഡി ആവശ്യപ്പെട്ടിരുന്നു. സമയം കുറച്ചതല്ലാതെ, കൂടിക്കാഴ്ച പൂർണമായി തടയാൻ കോടതി തയാറായില്ല.