ന്യൂഡൽഹി ∙ അഗസ്റ്റ വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ ഇടപാടിലെ അഴിമതിക്കേസിൽ ഇടനിലക്കാരൻ ബ്രിട്ടിഷ് പൗരൻ ക്രിസ്റ്റ്യൻ മിഷേലിനു കൈക്കൂലി ലഭിച്ചതിനു തെളിവുതേടി അന്വേഷണ ഏജൻസികൾ അദ്ദേഹത്തിന്റെ ആസ്തികൾ പരിശോധിക്കുന്നു.
മിഷേൽ ജുഡീഷ്യൽ കസ്റ്റഡിയിൽ തിഹാർ ജയിലിലാണ്. 4 രാജ്യങ്ങളിൽ മിഷേലിന് വസ്തുവകകളും ബാങ്ക് അക്കൗണ്ടുകളുമുള്ളതായി സിബിഐയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) കണ്ടെത്തിയിട്ടുണ്ട്. പലതും ബെനാമി ഇടപാടുകളാണെന്നും സംശയിക്കുന്നു.
ഡൽഹിയിൽ മിഷേലിനുണ്ടായിരുന്ന 1.12 കോടി രൂപയുടെ ആസ്തികൾ ഇഡി 2015ൽ കണ്ടുകെട്ടിയിരുന്നു. ഹെലികോപ്റ്റർ ഇടപാടിൽ മിഷേലിന് 3 കോടി യൂറോ (225 കോടി രൂപ) കൈക്കൂലി ലഭിച്ചതായി 2016ൽ സിബിഐ നൽകിയ കുറ്റപത്രത്തിൽ പറയുന്നു.