റാഞ്ചി ∙ ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പിൽ ജാർഖണ്ഡിൽ ബിജെപിക്കെതിരെ കോൺഗ്രസ്, ജെഎംഎം, ഇടതു കക്ഷികൾ ചേർന്ന സംയുക്ത പ്രതിപക്ഷ വിശാല സഖ്യം രൂപീകരിച്ചു. ജെഎംഎം, കോൺഗ്രസ്, ജാർഖണ്ഡ് വികാസ് മോർച്ച, ആർജെഡി, സിപിഎം, സിപിഐ, മാർക്സിസ്റ്റ് കോ ഓർഡിനേഷൻ കമ്മിറ്റി, സിപിഐ (എംഎൽ) എന്നീ കക്ഷികളാണ് ഒന്നിച്ചു മത്സരിക്കുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം 6 മാസം കൂടി കഴിഞ്ഞാണു നിയമസഭാ തിരഞ്ഞെടുപ്പ്. മുഖ്യപ്രതിപക്ഷമായ ജെഎംഎമ്മിനു 19 എംഎൽഎമാരും കോൺഗ്രസിനു 9 എംഎൽഎമാരുമാണുള്ളത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആകെയുള്ള 14 സീറ്റിൽ 12 ൽ ബിജെപിയും രണ്ടിടങ്ങളിൽ ജെഎംഎമ്മുമാണു വിജയിച്ചത്.
ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് 7, ജെഎംഎം 4, ആർജെഡി, വികാസ്മോർച്ച, ഇടതുപക്ഷം എന്നിവയ്ക്ക് ഓരോന്നു വീതം സീറ്റ് നൽകാനാണു ധാരണ. ജെഎംഎം നേതാവ് ഷിബു സോറനാണു സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി.