ഗുർമീത് സിങ്ങിനും മൂന്ന് പേർക്കും ജീവപര്യന്തം

gurmeet-ram-rahim-singh-1
SHARE

ചണ്ഡിഗഡ് ∙ പതിനാറു വർഷം മുൻപ് പത്രപ്രവർത്തകനെ കൊന്ന കേസിൽ ദേര സച്ച സൗദ തലവൻ ഗുർമീത് റാം റഹിം സിങ്ങിനും മറ്റു 3 പേർക്കും ജീവപര്യന്തം. പഞ്ചകുളയിലെ പ്രത്യേക സിബിഐ കോടതിയാണ് ഇന്നലെ 4 പേർക്കും ജീവപര്യന്തം വിധിച്ചത്. നേരത്തേ ഇവർ കുറ്റക്കാരാണെന്നു കോടതി കണ്ടെത്തിയിരുന്നു.

കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകൻ ഗുർമീത് സിങ്ങാണെന്നു കോടതി ചൂണ്ടിക്കാട്ടി. നിർമൽസിങ്,കുൽദീപ് സിങ്,കൃഷ്ണലാൽ എന്നിവരാണു മറ്റു 3 പേർ. കുറ്റകരമായ ഗൂഢാലോചന, കൊലപാതകം എന്നിവ സംശയാതീതമായി തെളിഞ്ഞതിനാലാണു ജീവപര്യന്തം ശിക്ഷ. ഹരിയാനയിൽ 2002 ഒക്ടോബറിലാണു പത്രപ്രവർത്തകൻ റാം ചന്ദർ ഛത്രപതി കൊല്ലപ്പെട്ടത്. ദേര സച്ച സൗദ ആസ്ഥാനത്തെത്തുന്ന സ്ത്രീകളെ ഗുർമീത് സിങ് ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്ന കത്ത് റാം ചന്ദർ ഛത്രപതിയുടെ പത്രത്തിൽ വന്നതാണു കൊലപാതകത്തിനു പ്രേരിപ്പിച്ചതെന്നായിരുന്നു കേസ്.

ഛത്രപതിയുടെ കുടുംബം 2003ൽ കേസ് സിബിഐക്കു കൈമാറണമെന്നാവശ്യപ്പെട്ടു. തുടർന്നു പഞ്ചാബ്,ഹരിയാന ഹൈക്കോടതി കേസ് സിബിഐക്കു വിട്ടു. 2007 ജൂലൈയിൽ കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു. 2017ൽ മാനഭംഗക്കേസിൽ 20 വർഷത്തെ തടവിനു ശിക്ഷിക്കപ്പെട്ട ഗുർമീത് റോഹ്‌തക്കിലെ സുനരിയ ജയിലിൽ നിന്നു വിഡിയോ കോൺഫറൻസിങ്ങിലൂടെയാണ് ഈ കേസിനു പ്രത്യേക സിബിഐ കോടതി മുൻപാകെ ഹാജരായത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA