കനയ്യ കേസ്: സർക്കാരിന്റെ അനുമതിയില്ലാത്ത കുറ്റപത്രം കോടതി മടക്കി

ന്യൂഡൽഹി ∙ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന കേസിൽ ജെഎൻയു വിദ്യാർഥി യൂണിയൻ മുൻ നേതാവ് കനയ്യ കുമാർ ഉൾപ്പെടെ 10 പേർക്കെതിരെ ഡൽഹി പൊലീസ് സമർപ്പിച്ച കുറ്റപത്രം സ്വീകരിക്കാതെ കോടതി. ഡൽഹി സർക്കാരിന്റെ അനുമതി വാങ്ങാതെ സമർപ്പിച്ച കുറ്റപത്രം നിലനിൽക്കില്ലെന്നു മെട്രോപ്പൊലിറ്റൻ മജിസ്ട്രട്ട് കോടതി വ്യക്തമാക്കി. 

അനുമതി വാങ്ങാൻ 10 ദിവസത്തെ സമയം അനുവദിച്ചു. ഫെബ്രുവരി 6നു വീണ്ടും പരിഗണിക്കും. 

2016 ൽ ജവാഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി (ജെഎൻയു) ക്യാംപസിലെ അഫ്സൽ ഗുരു അനുസ്മരണത്തിൽ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന കേസിലാണു കനയ്യ കുമാർ, ഉമർ ഖാലിദ്, അനിർഭൻ ഭട്ടാചാര്യ തുടങ്ങിയവരെ പ്രതികളാക്കി കുറ്റപത്രം സമർപ്പിച്ചത്.

ജെഎൻയു കേസുമായി ബന്ധപ്പെട്ട ഒരു ഫയലും സംസ്ഥാന നിയമ വകുപ്പിന്റെ അനുമതിക്കു സമർപ്പിച്ചിരുന്നില്ലെന്നു ഡൽഹി സർക്കാർ വ്യക്തമാക്കി. 

എന്നാൽ, കുറ്റപത്രം സമർപ്പിക്കാനുള്ള അനുമതി തേടി അപേക്ഷ നൽകിയിരുന്നെന്നാണു പൊലീസ് പറയുന്നത്. 

അതിനിടെ, ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചതു തങ്ങളാണെന്ന വെളിപ്പെടുത്തലുയി കഴിഞ്ഞദിവസം എബിവിപി മുൻ നേതാക്കൾ രംഗത്തുവന്നിട്ടുണ്ട്.