ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ നിശ്ചയിക്കുന്നതിനുള്ള സമിതിയിൽ പാർട്ടിയുടെ വിവിധ പോഷക സംഘടനകളുടെ സംസ്ഥാന പ്രസിഡന്റുമാരെ ഉൾപ്പെടുത്താൻ പിസിസി നേതൃത്വങ്ങൾക്കു കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിർദേശം. സംഘടനയുടെ ചുമതലയുള്ള ദേശീയ സെക്രട്ടറി ജെ.ഡി. സീലം, പിസിസി പ്രസിഡന്റുമാർക്ക് ഇതു സംബന്ധിച്ചു കത്തയച്ചു.
ഇതാദ്യമായാണു പോഷകസംഘടനാ പ്രസിഡന്റുമാർക്കു തിരഞ്ഞെടുപ്പു സമിതിയിൽ ഇടം ലഭിക്കുന്നത്. യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ്, കെഎസ്‌യു എന്നീ സംഘടനകൾക്കു പുറമെ പ്രഫഷനൽ കോൺഗ്രസ്, ഐഎൻടിയുസി, ദലിത് കോൺഗ്രസ്, കർഷക കോൺഗ്രസ് തുടങ്ങിയ വകുപ്പുകളിലെ പ്രസിഡന്റുമാരും സ്ഥാനാർഥി നിർണയത്തിൽ പങ്കാളികളാകണമെന്ന പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണു നടപടി. സമൂഹ മാധ്യമ സെൽ സംസ്ഥാന അധ്യക്ഷൻമാരെ പബ്ലിസിറ്റി സമിതിയിൽ ഉൾപ്പെടുത്തണം.