കൊൽക്കത്ത ∙ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച റാലിയിൽ നിന്ന് ഊർജമുൾക്കൊണ്ട് പ്രതിപക്ഷ നിരയുടെ തുടർസംഗമങ്ങൾ ഇനി ഡൽഹിയിലും ആന്ധ്രയിലും. കേന്ദ്രസർക്കാരിനെതിരായ പ്രതിപക്ഷ സംഗമം വൈകാതെ സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രിമാരായ അരവിന്ദ് കേജ്‍രിവാളും (ഡൽഹി) എൻ. ചന്ദ്രബാബു നായിഡുവും (ആന്ധ്ര) പ്രഖ്യാപിച്ചു.
നരേന്ദ്രമോദിയെയും അമിത് ഷായെയും കടന്നാക്രമിച്ച മുതിർന്ന നേതാക്കൾ ബിജെപിയെ താഴെയിറക്കുക എന്ന ഏക ലക്ഷ്യത്തോടെ കൈകോർത്തു. ‘ലക്ഷ്യം വിദൂരമാണ്, പാത ദുർഘടവും. എങ്കിലും നമുക്കു ലക്ഷ്യത്തിലെത്തണം. നമ്മുടെ ഹൃദയങ്ങൾ ഒരുമിച്ചാലും ഇല്ലെങ്കിലും നാം കൈ കോർത്തു നടക്കണം’ എന്ന കാവ്യശകലം ഉദ്ധരിച്ചാണു കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖർഗെ, അഭിപ്രായ ഭിന്നതകൾക്കിടയിലും ഐക്യം നിലനിർത്താൻ ആഹ്വാനം ചെയ്തത്.
സ്വാതന്ത്ര്യത്തിനായുള്ള രണ്ടാം സമരമാണു വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പെന്നും മോദി വീണ്ടും അധികാരത്തിലെത്തിയാൽ രാജ്യം 50 വർഷം പിന്നോട്ടു പോകുമെന്നും തമിഴിൽ പ്രസംഗിച്ച ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിൻ പറഞ്ഞു. പ്രസംഗം ബംഗാളിയിലേക്കു പരിഭാഷപ്പെടുത്തുംമുൻപേ സ്റ്റാലിന്റെ തമിഴ് മൊഴി വീര്യത്തിനു സദസ്സ് കരഘോഷം മുഴക്കി. കഴിഞ്ഞ ദിവസം ബിജെപി വിട്ട അരുണാചൽ മുൻ മുഖ്യമന്ത്രി ഗെഗോങ് അപാങ്, മിസോറം പ്രതിപക്ഷനേതാവ് ലാൽദുഹൗമ (സോറം നാഷനലിസ്റ്റ് പാർട്ടി) എന്നിവരും പ്രസംഗിച്ചു.
വാജ്പേയി സർക്കാരിൽ കേന്ദ്ര മന്ത്രിമാരായിരുന്ന യശ്വന്ത് സിൻഹ, അരുൺ ഷൂറി എന്നിവരും ബിജെപി വിമത എംപി ശത്രുഘ്നൻ സിൻഹയും നരേന്ദ്രമോദിക്കും അമിത് ഷായ്ക്കുമെതിരെ രൂക്ഷ വിമർശനമാണുയർത്തിയത്.
ബിജെപി, കോൺഗ്രസ് വിരുദ്ധ ബദൽ സഖ്യത്തിനു മുന്നിട്ടിറങ്ങിയ തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്) മേധാവിയും തെലങ്കാന മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖർ റാവു റാലിക്കെത്തിയില്ല. ഇടതുകക്ഷികൾക്കു പുറമേ ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്കിന്റെ ബിജു ജനതാദളിന്റെയും പ്രാതിനിധ്യം ഉണ്ടായില്ല.