തുടക്കമിട്ടു കൊൽക്കത്ത; ഇനി ഡൽഹി, ആന്ധ്ര

Brigade-Samavesh
SHARE

കൊൽക്കത്ത ∙ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച റാലിയിൽ നിന്ന് ഊർജമുൾക്കൊണ്ട് പ്രതിപക്ഷ നിരയുടെ തുടർസംഗമങ്ങൾ ഇനി ഡൽഹിയിലും ആന്ധ്രയിലും. കേന്ദ്രസർക്കാരിനെതിരായ പ്രതിപക്ഷ സംഗമം വൈകാതെ സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രിമാരായ അരവിന്ദ് കേജ്‍രിവാളും (ഡൽഹി) എൻ. ചന്ദ്രബാബു നായിഡുവും (ആന്ധ്ര) പ്രഖ്യാപിച്ചു. 

നരേന്ദ്രമോദിയെയും അമിത്‌ ഷായെയും കടന്നാക്രമിച്ച മുതിർന്ന നേതാക്കൾ ബിജെപിയെ താഴെയിറക്കുക എന്ന ഏക ലക്ഷ്യത്തോടെ കൈകോർത്തു.  ‘ലക്ഷ്യം വിദൂരമാണ്, പാത ദുർഘടവും. എങ്കിലും നമുക്കു ലക്ഷ്യത്തിലെത്തണം. നമ്മുടെ ഹൃദയങ്ങൾ ഒരുമിച്ചാലും ഇല്ലെങ്കിലും നാം  കൈ കോർത്തു നടക്കണം’ എന്ന കാവ്യശകലം ഉദ്ധരിച്ചാണു കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖർഗെ, അഭിപ്രായ ഭിന്നതകൾക്കിടയിലും ഐക്യം നിലനിർത്താൻ ആഹ്വാനം ചെയ്തത്. 

United-India-rally
കൈകോർത്ത്: കൊൽക്കത്ത ബ്രിഗേഡ് ഗ്രൗണ്ടിൽ തൃണമൂൽ കോൺഗ്രസ് സംഘടിപ്പിച്ച റാലിയിൽ പ്രതിപക്ഷ കക്ഷി നേതാക്കളായ ബദ്റുദ്ദീൻ അജ്മൽ (എഐയുഡിഎഫ്), അഭിഷേക് സിങ്‌വി (കോൺഗ്രസ്), പട്ടേൽ സമുദായ നേതാവ് ഹാർദിക് പട്ടേൽ, ഹേമന്ത് സോറൻ (ജെഎംഎം), ശത്രുഘ്നൻ സിൻഹ എംപി, മുൻ കേന്ദ്ര മന്ത്രി യശ്വന്ത് സിൻഹ, ഡിഎംകെ നേതാവ് എം.കെ.സ്റ്റാലിൻ, സതീഷ് ചന്ദ്ര മിശ്ര (ബിഎസ്പി), അഖിലേഷ് യാദവ് (എസ്പി), , കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി, ആന്ധ്ര മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു, ഫാറൂഖ് അബ്ദുല്ല (നാഷനൽ കോൺഫറൻസ്), മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവെഗൗ‍ഡ (ജെഡിഎസ്), ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖർഗെ, ശരദ് പവാർ (എൻസിപി), ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, ശരദ് യാദവ് (ലോക് താന്ത്രിക് ജനതാദൾ), അജിത് സിങ് (ആർഎൽഡി), അരുണാചൽ പ്രദേശ് മുൻ മുഖ്യമന്ത്രി ഗെഗോങ് അപാങ്, മുൻ കേന്ദ്ര മന്ത്രി അരുൺ ഷൂറി, ദലിത് നേതാവ് ജിഗ്നേഷ് മേവാനി, ലാൽദുഹൗമ (സോറം നാഷനലിസ്റ്റ് പാർട്ടി), ഒമർ അബ്ദുല്ല (നാഷനൽ കോൺഫറൻസ്) എന്നിവർ. ചിത്രം: മനോരമ

സ്വാതന്ത്ര്യത്തിനായുള്ള രണ്ടാം സമരമാണു വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പെന്നും മോദി വീണ്ടും അധികാരത്തിലെത്തിയാൽ രാജ്യം 50 വർഷം പിന്നോട്ടു പോകുമെന്നും തമിഴിൽ പ്രസംഗിച്ച ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിൻ പറഞ്ഞു. പ്രസംഗം ബംഗാളിയിലേക്കു പരിഭാഷപ്പെടുത്തുംമുൻപേ സ്റ്റാലിന്റെ തമിഴ് മൊഴി വീര്യത്തിനു സദസ്സ് കരഘോഷം മുഴക്കി. കഴിഞ്ഞ ദിവസം ബിജെപി വിട്ട  അരുണാചൽ മുൻ മുഖ്യമന്ത്രി ഗെഗോങ് അപാങ്, മിസോറം പ്രതിപക്ഷനേതാവ്  ലാൽദുഹൗമ (സോറം നാഷനലിസ്റ്റ് പാർട്ടി) എന്നിവരും പ്രസംഗിച്ചു.  

വാജ്പേയി സർക്കാരിൽ കേന്ദ്ര മന്ത്രിമാരായിരുന്ന യശ്വന്ത് സിൻഹ, അരുൺ ഷൂറി എന്നിവരും ബിജെപി വിമത എംപി ശത്രുഘ്നൻ സിൻഹയും നരേന്ദ്രമോദിക്കും അമിത് ഷായ്ക്കുമെതിരെ  രൂക്ഷ വിമർശനമാണുയർത്തിയത്. 

ബിജെപി, കോൺഗ്രസ് വിരുദ്ധ  ബദൽ സഖ്യത്തിനു മുന്നിട്ടിറങ്ങിയ തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്) മേധാവിയും തെലങ്കാന മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖർ റാവു റാലിക്കെത്തിയില്ല. ഇടതുകക്ഷികൾക്കു പുറമേ ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്കിന്റെ ബിജു ജനതാദളിന്റെയും പ്രാതിനിധ്യം ഉണ്ടായില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA