വാരാണസി∙ രാജ്യത്തെ ശരാശരി പ്രായം 2020 ൽ 29 ആകുന്നതോടെ ഇന്ത്യ ലോകത്തെ ഏറ്റവും യുവത്വമുള്ള രാജ്യമാകുമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. രണ്ടുവർഷത്തിനകം ഇന്ത്യൻ ജനസംഖ്യയിൽ 64% പേരും ജോലി ചെയ്യാനാവുന്ന പ്രായത്തിലുള്ളവരായിരിക്കും. ലോകരാജ്യങ്ങൾക്കെല്ലാം വിദഗ്ധ തൊഴിലാളികളുടെ ഉറവിടമാകും ഇന്ത്യ. അതേസമയം യുഎസ്, ജപ്പാൻ, ചൈന എന്നീ രാജ്യങ്ങളിലെ ജനതയ്ക്ക് പ്രായമേറുകയാണ്. 2022ൽ ഈ രാജ്യങ്ങളിലെ ജനസംഖ്യയിൽ മൂന്നിലൊന്നും 65ലേറെ പ്രായമുള്ളവരുടേതായി മാറും. അത്യപൂർവമായ ഈ മികവ് ‘നവ യുവ ഇന്ത്യ’ കെട്ടിപ്പടുക്കാൻ നമ്മെ സഹായിക്കുമെന്നും സുഷമ വ്യക്തമാക്കി.
15–ാമതു പ്രവാസി ഭാരതീയ ദിവസിന്റെ മുന്നോടിയായി നടത്തിയ യുവജന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സുഷമ. ഇന്ന് സമ്മേളനത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. മൊറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജഗന്നാഥ് മുഖ്യാതിഥിയായിരിക്കും.
ഇന്ത്യക്കാരാണ് ലോകത്തിലെ പ്രവാസികളിലേറെയും (3.1 കോടി). ഗൂഗിളിലെ സുന്ദർ പിച്ചൈ, മൈക്രോസോഫ്റ്റിലെ സത്യ നാദെല്ല തുടങ്ങി പല ബഹുരാഷ്ട്ര കമ്പനികളുടെയും തലപ്പത്ത് യുവാക്കളായ ഇന്ത്യക്കാരാണുള്ളത്.