ബംഗാളി അഭയാർഥികൾക്കെല്ലാം ഇന്ത്യൻ പൗരത്വം: അമിത് ഷാ

മാൾഡ∙ പൗരത്വ ബിൽ പാസ്സാകുന്നതോടെ എല്ലാ ബംഗാളി അഭയാർഥികൾക്കും   ഇന്ത്യൻ പൗരത്വം ലഭിക്കുമെന്ന് ബിജെപി അധ്യക്ഷൻ അമിത് ഷാ. തൃണമൂൽ സർക്കാർ ഇതുവരെ ഇവർക്കായി ഒന്നും ചെയ്തിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ബംഗാളിൽ പാർട്ടിയുടെ പ്രചാരണത്തിനു തുടക്കമിട്ട് മാൾഡയിൽ പ്രസംഗിക്കുകയായിരുന്നു അമിത് ഷാ.

ലോക്സഭാ തിരഞ്ഞെടുപ്പ് സംസ്ഥാനത്ത് ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിനു വേണ്ടിയുള്ളതാണ്. കൊൽക്കത്തയിൽ നടത്തിയ പ്രതിപക്ഷ റാലിയിൽ മോദി, മോദി എന്ന് ചൊല്ലുകയല്ലാതെ ഭാരത് മാതാ കീ ജയ് എന്നു വിളിക്കുകയോ വന്ദേമാതരം പാടുകയോ ചെയ്തില്ല. അധികാരം പിടിക്കുന്നതിനും സ്വന്തം താൽപര്യങ്ങൾ നടപ്പാക്കുന്നതിനും വേണ്ടിയാണ് അവരുടെ മഹാഘട്ബന്ധൻ. ആർത്തിയും ആസക്തിയും മാത്രമാണതിലുള്ളത്. അവർക്കു മോദിയെ മാറ്റുകയാണ് വേണ്ടത്. 

ബിജെപിക്ക് മാറ്റാനുള്ളത് പട്ടിണിയും അഴിമതിയുമാണ്. കൊലപാതകം നടത്താൻ സൗകര്യം ചെയ്യുന്ന സർക്കാരാണ് ബംഗാളിലുള്ളതെന്നും പൊതു തിരഞ്ഞെടുപ്പിൽ ബംഗാളിൽ നിന്ന് തൃണമൂൽ തൂത്തെറിയപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ, ജാർഗ്രാമിൽ ഇന്നു നടക്കുന്ന റാലിയിൽ പങ്കെടുക്കാൻ നിൽക്കാതെ അമിത് ഷാ ഡൽഹിക്കു മടങ്ങുകയാണ്. ഡോക്ടർമാർ അദ്ദേഹത്തിനു വിശ്രമം നിർദേശിച്ചിരിക്കുകയാണെന്നും അതു വകവയ്ക്കാതെയാണ് മാൾഡയിൽ അദ്ദേഹം എത്തിയതെന്നും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടാൽ അദ്ദേഹം ജാർഗ്രാമിൽ എത്തിയേക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷ് അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി 28ന് താക്കൂർനഗറിലും ഫെബ്രുവരി 2ന് സിലിഗുരിയിലും നടക്കുന്ന റാലികളിൽ പങ്കെടുക്കും. ഫെബ്രുവരി 8ന് ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ നടത്താനിരുന്ന റാലി റദ്ദാക്കി. 

പകരം അന്ന് അസൻസോളിൽ നടക്കുന്ന റാലിയിൽ അദ്ദേഹം പങ്കെടുക്കും.