വാരാണസി∙ ദീർഘകാലം രാജ്യം ഭരിച്ച കോൺഗ്രസ് പാർട്ടി അഴിമതിക്കെതിരെ ഒന്നും ചെയ്തില്ലെന്നും രാജ്യത്തെ കൊള്ളയടിക്കുന്നതിന് നാലര വർഷത്തെ ബിജെപി ഭരണം അറുതി വരുത്തിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു മുൻ പ്രധാനമന്ത്രി രോഗം എന്താണെന്നു തിരിച്ചറിഞ്ഞെങ്കിലും ചികിൽസിക്കാൻ ശ്രമിച്ചില്ലെന്നും സർക്കാർ ചെലവിടുന്ന ഒരു രൂപയിൽ 15 പൈസ മാത്രമാണു ജനങ്ങളിലെത്തുന്നതെന്ന രാജീവ് ഗാന്ധിയുടെ അഭിപ്രായത്തെ സൂചിപ്പിച്ച് മോദി പറഞ്ഞു.
ഇന്ത്യയുടെ സാധ്യതകളെ പ്രതിനിധീകരിക്കുന്ന അംബാസഡർമാരാണ് വിദേശത്തുള്ള ഇന്ത്യാക്കാരെന്നും 15–ാം പ്രവാസി ഭാരതീയ ദിവസ് ത്രിദിന സമ്മേളനം ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി പറഞ്ഞു. സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി പൊതു സമ്പത്ത് ജനങ്ങൾക്കു ലഭിക്കുന്നു എന്ന് എങ്ങനെ ഉറപ്പുവരുത്താമെന്ന് തന്റെ സർക്കാർ തെളിയിച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജഗന്നാഥ് മുഖ്യാതിഥി ആയിരുന്നു. ഭോജ്പുരിയിലും ഹിന്ദിയിലും പ്രസംഗിച്ച് അദ്ദേഹം ശ്രോതാക്കളുടെ കയ്യടി നേടി. പരിസ്ഥിതി സംരക്ഷണത്തിലും വനിതാ ശാക്തീകരണത്തിലും ഇന്ത്യയുടെ മുന്നേറ്റത്തെ പ്രകീർത്തിച്ചു.
വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, മുഖ്യമന്ത്രിമാരായ യോഗി ആദിത്യനാഥ് (യുപി), ത്രിവേന്ദ്ര സിങ് റാവത്ത് (ഉത്തരാഖണ്ഡ്), മനോഹർ ലാൽ ഖട്ടർ (ഹരിയാന), യുപി ഗവർണർ റാം നായിക്, വിദേശകാര്യ സഹമന്ത്രി വി.കെ. സിങ് തുടങ്ങിയവർ പങ്കെടുത്തു.