ന്യൂഡൽഹി ∙ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ 10 സ്വയം ഭരണ കൗൺസിലുകൾക്ക് കൂടുതൽ അധികാരവും ധനസഹായവും അനുവദിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഇതിനായുള്ള ഭരണഘടനാ ഭേദഗതിക്ക് ഇന്നലെ മന്ത്രിസഭ അംഗീകാരം നൽകി. അസം, മേഘാലയ, മിസോറം, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ ജില്ലാ കൗൺസിലുകൾക്ക് കൂടുതൽ സാമ്പത്തിക സ്രോതസുകളും അധികാരങ്ങളും നൽകുന്നതാണു ഭേദഗതി.
പൊതുമരാമത്ത്, വനം, ആരോഗ്യം, കുടുംബക്ഷേമം, നഗരവികസനം, ഭക്ഷ്യപൊതുവിതരണം തുടങ്ങി 30 അധികവിഷയങ്ങൾ കൂടി അസമിലെ കർബി ആങ്ലോങ് സ്വയം ഭരണ കൗൺസിലിനും ദിമ ഹസാവോ കൗൺസിലിനും വിട്ടുകൊടുക്കാനുളള വ്യവസ്ഥ കൂടി ഭേദഗതിയിൽ ഉൾപ്പെടുന്നു. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വടക്കുകിഴക്കൻ മേഖലയിലെ ഗോത്രവിഭാഗങ്ങളുടെ പിന്തുണ ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണു നടപടി.