ന്യൂഡൽഹി ∙ പ്രചാരണ വേദികളിലേക്ക് ‘പറന്നെത്താനുള്ള’ കോൺഗ്രസിന്റെ മോഹങ്ങൾക്കു തിരിച്ചടി. ഹെലികോപ്റ്ററും വിമാനങ്ങളുമെല്ലാം ബിജെപി നേരത്തേ ബുക്ക് ചെയ്തു കഴിഞ്ഞു. കോൺഗ്രസിന് ഹെലികോപ്റ്റർ കിട്ടാനില്ലെന്നു പാർട്ടി വക്താവ് ആനന്ദ് ശർമ പറഞ്ഞു.
പ്രചാരണത്തിനും പരസ്യത്തിനുമായി 4000 കോടി രൂപ ബിജെപി ഇതിനോടകം ചെലവിട്ടതായി ആനന്ദ് ശർമ ആരോപിച്ചു. പൊതുമേഖല സ്ഥാപനങ്ങളെ ഉപയോഗിച്ചാണു സർക്കാർ പരസ്യത്തിനായി പണം ചെലവിടുന്നത്. എന്നാൽ രാജ്യത്തെ ജനങ്ങളുടെ പിന്തുണയും സ്നേഹവും കൊണ്ടു കോൺഗ്രസ് ബിജെപിയെ പരാജയപ്പെടുത്തും – ശർമ പറഞ്ഞു.
കോൺഗ്രസിന്റെ പ്രചാരണ കമ്മിറ്റിയുടെ ചുമതല ആനന്ദ് ശർമയ്ക്കാണ്. ഫെബ്രുവരി ഇരുപതോടെ പ്രചാരണ പരിപാടികൾക്കു തുടക്കമിടാനാണു കോൺഗ്രസ് ഉദ്ദേശിക്കുന്നത്. പരമ്പരാഗത രീതികൾക്കൊപ്പം സമൂഹമാധ്യമങ്ങൾക്കും ഊന്നൽ നൽകും. മോദി സർക്കാരിന്റെ വാഗ്ദാന ലംഘനങ്ങളെക്കുറിച്ചു പ്രത്യേക സമൂഹമാധ്യമ പ്രചാരണം നടത്തും.