ലക്‌നൗ ∙ രാഷ്ട്രീയത്തിലേക്കു പ്രിയങ്കയുടെ വരവ് ഒരു ശതമാനം പോലും വെല്ലുവിളി ഉയർത്തുന്നില്ലെന്ന് ബിജെപി. കുടുംബത്തിനപ്പുറത്തേക്ക് ഉയരാൻ കോൺഗ്രസിനു കഴിയില്ലെന്നതിന്റെ തെളിവാണിതെന്നും ഉത്തർപ്രദേശ് ബിജെപി അധ്യക്ഷൻ മഹേന്ദ്ര പാണ്ഡെ പറഞ്ഞു.
പ്രിയങ്കയ്ക്ക് അർഹമായ പ്രാധാന്യം നൽകിയില്ലെന്നാണു മുതിർന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവിശങ്കർ പ്രസാദിന്റെ അഭിപ്രായം. ‘പ്രിയങ്കജിക്ക് എന്റെ ആശംസകൾ. (കോൺഗ്രസ്) പാർട്ടി കുടുംബകാര്യമായതിനാൽ, ഇത്തരം നിയമനങ്ങളിൽ അസാധാരണമായി ഒന്നുമില്ല. പക്ഷേ, പ്രിയങ്കയെ പോലൊരാളെ കിഴക്കൻ യുപിയിൽ ഒതുക്കാതെ കുറച്ചുകൂടി വിശാലമായ വേഷം കൊടുക്കാമായിരുന്നു.’