പ്രിയങ്ക രാഷ്ട്രീയത്തിലിറങ്ങണമെന്നു നിർദേശിച്ചത് രാഹുൽ; സോണിയ മടിച്ചു, പിന്നെ സമ്മതിച്ചു

ന്യൂഡൽഹി ∙ പ്രിയങ്ക ഗാന്ധി സജീവ രാഷ്ട്രീയത്തിലിറങ്ങണമെന്ന് ആദ്യം നിർദേശിച്ചതു രാഹുൽ ഗാന്ധി. അമ്മ സോണിയ ഇതിനോടു തുടക്കത്തിൽ പരിഭവിച്ചെങ്കിലും പിന്നീടു തീരുമാനം രാഹുലിനു വിട്ടു.

ഏറ്റവും കടുത്ത പോരാട്ടം നടക്കുന്ന യുപിയിൽ ഇക്കുറി തനിക്കൊപ്പമുണ്ടാവണമെന്ന രാഹുലിന്റെ അഭ്യർഥന സഹോദരി നിറ മനസ്സോടെ സ്വീകരിച്ചപ്പോൾ, പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശത്തിനു വഴിതുറന്നു.

യുപിയിൽ സംഘടനാ ചുമതല ഏറ്റെടുക്കുന്ന പ്രിയങ്കയ്ക്കു മറ്റൊരു ദൗത്യം കൂടി പാർട്ടി നൽകിയിട്ടുണ്ട് – ബിജെപിയുമായി അകൽച്ചയിലുള്ള തീപ്പൊരി നേതാവ് വരുൺ ഗാന്ധിയെ കോൺഗ്രസ് പാളയത്തിലെത്തിക്കുക.

അണിയറ നീക്കങ്ങൾ ഇങ്ങനെ

യുപിയിൽ തങ്ങളെ ഒഴിവാക്കി എസ്പിയും ബിഎസ്പിയും സഖ്യത്തിനു കൈകോർത്തതിനു പിന്നാലെ, സംസ്ഥാനത്തിനായി പ്രത്യേക രാഷ്ട്രീയ തന്ത്രം വേണമെന്നു പാർട്ടിയിലെ മുതിർന്ന നേതാക്കളോടു രാഹുൽ നിർദേശിച്ചു. കഴിഞ്ഞ 13നു ഡൽഹിയിൽ ചേർന്ന പാർട്ടി കോർ കമ്മിറ്റി യോഗം അതിനുള്ള പ്രാരംഭ ചർച്ചകൾ നടത്തി. സംസ്ഥാനത്തു പ്രിയങ്കയ്ക്കു സജീവ റോൾ നൽകണമെന്നു യോഗത്തിൽ അഭിപ്രായമുയർന്നു.

കോർ കമ്മിറ്റിയിലെ ആദ്യഘട്ട ചർച്ചകൾക്കു ശേഷം വിഷയം പരിഗണിച്ച രാഹുൽ തന്റെ അഭിപ്രായം അവതരിപ്പിച്ചു – സംഘടനയുടെ മുഖ്യ പദവിയിൽ പ്രിയങ്കയെ യുപിയിൽ നിയോഗിക്കുക. ഇക്കാര്യം രാഹുൽ അവതരിപ്പിച്ചപ്പോൾ സോണിയ ആദ്യം പരിഭവിച്ചു. രണ്ടു മക്കളും രാഷ്ട്രീയത്തിലിറങ്ങുന്നതിലെ ബുദ്ധിമുട്ട് അവർ ചൂണ്ടിക്കാട്ടി.

നിർണായക തിരഞ്ഞെടുപ്പിൽ യുപിയിൽ തകർന്നടിയുന്നതു തിരിച്ചടിയാകുമെന്നും പ്രവർത്തകർക്ക് ഊർജം പകരാൻ പ്രിയങ്ക തനിക്കൊപ്പം വേണമെന്നും രാഹുൽ വ്യക്തമാക്കി. തിരഞ്ഞെടുപ്പിൽ ഒരു സംസ്ഥാനത്തു മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ തനിക്കാവില്ലെന്നും പ്രിയങ്കയുടെ വരവു യുപിയിൽ കാര്യങ്ങൾ എളുപ്പമാക്കുമെന്നുമുള്ള രാഹുലിന്റെ അഭിപ്രായത്തിനു സോണിയ ഒടുവിൽ പച്ചക്കൊടി കാട്ടി. സഹോദരന്റെ ക്ഷണവും അമ്മയുടെ അനുവാദവും പ്രിയങ്ക പരിഗണിച്ചു; തലയാട്ടി.

വരുണിനായി നീക്കം

ഇളയച്ഛന്റെ മകനും ബിജെപി നേതാവുമായ വരുണിനെ കോൺഗ്രസിലെത്തിക്കാനുള്ള ചരടുവലികളും പ്രിയങ്ക നടത്തുമെന്നു കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു. വരുൺ കൂടി എത്തിയാൽ, യുപിയിൽ കോൺഗ്രസിന്റെ സാധ്യത ഗണ്യമായി വർധിക്കുമെന്ന അഭിപ്രായം പാർട്ടിക്കുള്ളിലുണ്ട്. കോൺഗ്രസിൽ ചേരുന്നതിനുള്ള പരോക്ഷ സൂചനകൾ വരുണുമായി അടുപ്പമുള്ളവർ അറിയിച്ചിട്ടുണ്ട്. അമ്മ മേനകയെ ബിജെപിയിൽ വിട്ട് കോൺഗ്രസിൽ ചേരുന്നതിലെ ബുദ്ധിമുട്ടാണു നിലവിലുള്ള തടസ്സം. ഇക്കാര്യത്തിൽ പ്രിയങ്കയുടെ ഇടപെടൽ നിർണയകമാവും.

വരുൺ ഗാന്ധി

സിന്ധ്യ വന്ന വഴി

മധ്യപ്രദേശിൽ മുഖ്യമന്ത്രി പദം കമൽനാഥിനു വിട്ടു കൊടുക്കുന്നതിനു പകരമായി ജ്യോതിരാദിത്യ സിന്ധ്യയ്ക്കു രാഹുലും പ്രിയങ്കയും നൽകിയ വാക്കാണ് എഐസിസി ജനറൽ സെക്രട്ടറി പദവി. ആ വാക്ക് ഇരുവരും ഇന്നലെ പാലിച്ചു.

ജ്യോതിരാദിത്യ സിന്ധ്യ