തീരദേശ മേഖലാ നിയന്ത്രണച്ചട്ടം പ്രാബല്യത്തിൽ; നിർമാണ നിരോധനം 50 മീറ്റർ വരെ മാത്രം

housing-tourism
SHARE

ന്യൂഡൽഹി ∙ ഭവനനിർമാണ– ടൂറിസം മേഖലയ്ക്കു കൂടുതൽ ഇളവനുവദിക്കുന്ന പുതിയ തീരദേശ മേഖലാ നിയന്ത്രണച്ചട്ടം നിലവിൽ വന്നു. നിർമാണ നിരോധന മേഖലയുടെ (എൻഡിസെഡ്) പരിധിയിൽ വന്ന ഇളവാണ് പ്രധാനമാറ്റം. പരിസ്ഥിതി വനം മന്ത്രാലയത്തിന്റെ വിജ്ഞാപനത്തോടെ, 2011 മുതൽ തുടരുന്ന നിയന്ത്രണങ്ങളിൽ മാറ്റം വരും.

തീരദേശ പരിപാലനത്തിനു ജനസാന്ദ്രത കൂടി പരിഗണിച്ചു 2 മേഖലയായി തിരിച്ചാണ് ഇളവനുവദിച്ചിരിക്കുന്നത്. ചതുരശ്ര കിലോമീറ്ററിൽ 2161 ലേറെ ജനസംഖ്യയുള്ള നഗരമേഖലയിൽ നിർമാണ നിരോധനം 50 മീറ്റർ വരെയെ ഉണ്ടാവു. ഒട്ടുമിക്ക തീരദേശ പഞ്ചായത്തുകളിലും ഇതിലേറെ ജനസാന്ദ്രതയുണ്ടെന്നതിനാൽ കേരളത്തെ സംബന്ധിച്ചു പ്രധാന തീരുമാനമാണിത്. 2,161ൽ താഴെ ജനസംഖ്യയുള്ള ഗ്രാമീണ മേഖലകളിൽ 200 മീറ്റർ നിർ‌മാണ നിരോധനം തുടരും. തീരദേശത്തിന് അനുബന്ധമായ ദ്വീപുകളിൽ നിരോധനം 50 മീറ്ററിൽ നിന്നു 20 മീറ്ററാക്കിയിട്ടുണ്ട്. ഇത്തരം ദ്വീപുകളുള്ള സംസ്ഥാനങ്ങൾ സംയോജിത തീര പരിപാലന പദ്ധതി കേന്ദ്രത്തിനു സമർപ്പിക്കണം.

നിർമാണങ്ങൾക്കു ഫ്ലോർ ഏരിയ അനുപാതം ബാധകമാക്കില്ലെന്നതും പ്രധാന മാറ്റമാണ്. പകരം ടൗൺ പ്ലാനിങ് വിഭാഗം അംഗീകരിക്കുന്ന സ്ഥല വിസ്തൃതി സൂചിക (ഫ്ലോർ സ്പേസ് ഇൻഡക്സ്) ബാധകമാക്കും. നിർമാണത്തിനുള്ള അനുമതി എളുപ്പത്തിൽ ലഭിക്കാൻ ഇതു വഴിയൊരുക്കും. ഫ്ലോർ ഏരിയ അനുപാതപ്രകാരം സ്ഥലവിസ്തൃതിയുടെ ഒന്നര ഇരട്ടി മാത്രമേ കെട്ടിടങ്ങൾക്കു വിസ്തൃതി പാടുള്ളു.

ടൂറിസവുമായി ബന്ധപ്പെട്ടു ശുചിമുറി അടക്കമുള്ള അനുബന്ധ സൗകര്യങ്ങളൊരുക്കാൻ, ‘നോ ഡെവലപ്മെന്റ് സോണി’ലും അനുവദിക്കും. വേലിയേറ്റ രേഖയുടെ 10 മീ‌റ്ററിനുള്ളിൽ നിർമാണം പാടില്ലെന്നു മാത്രം. സ്വകാര്യഭൂമിയിലെ കണ്ടൽക്കാടുകൾ അടക്കമുള്ളവയുടെ കരുതൽമേഖല നീക്കം ചെയ്തതും ടൂറിസം മേഖലയ്ക്കാണ് ഗുണം ചെയ്യുക. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA