ന്യൂഡൽഹി ∙ ഇന്ത്യയിൽ തീവ്രവാദ പ്രവർത്തനങ്ങൾക്ക് പാക്കിസ്ഥാനിലെ ഭീകര ബന്ധമുള്ള സന്നദ്ധ സംഘടനയിൽ നിന്ന് ധനസഹായം ലഭിക്കുന്നവരെ കണ്ടെത്തുന്നതിനായി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഗുജറാത്തിലും കേരളത്തിലും ഉൾപ്പെടെ രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ പരിശോധന നടത്തി.
26 സിം കാർഡുകൾ, 23 ഫോണുകൾ 5 മെമ്മറി കാർഡുകൾ, സിഡികൾ, ഹാർഡ് ഡ്രൈവുകൾ, കംപ്യൂട്ടറുകൾ, 8 പാസ്പോർട്ടുകൾ, 9 ഡെബിറ്റ് കാർഡുകൾ, ഒരു ലാപ്ടോപ്, 2 കിലോ സ്വർണം, 21 ലക്ഷം രൂപ എന്നിവ പിടിച്ചെടുത്തതായി എൻഐഎ വക്താവ് അറിയിച്ചു. ഉത്തർ പ്രദേശിൽ ഗോണ്ട, രാജസ്ഥാനിൽ സിക്കർ, ഡൽഹി, ഗുജറാത്തിൽ വൽസദ്, കേരളത്തിൽ കാസർകോട് എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്.
പാക്കിസ്ഥാനിൽ നിരോധിച്ചിട്ടുള്ള, ലഹോർ ആസ്ഥാനമായുള്ള ഫലാഹി ഇൻസാനിയത് ഫൗണ്ടേഷൻ (എഫ്ഐഎച്ച്) എന്ന സംഘടനയുടെ സഹായം ലഭിക്കുന്നവരെയാണ് എൻഐഎ ലക്ഷ്യമിട്ടത്. ലഷ്കറെ തയിബയുടെ രാഷ്ട്രീയ മുഖമായ ജമാ അത്തുദ്ദവയുമായി ബന്ധമുള്ളതാണിത്. തിങ്കളാഴ്ച ദുബായിൽ നിന്ന് എത്തിയപ്പോൾ എൻഐഎ അറസ്റ്റ് ചെയ്ത രാജസ്ഥാൻ സ്വദേശി മുഹമ്മദ് ഹുസൈൻ മോലനി (ബബ്‍ലു)യിൽ നിന്നു ലഭിച്ച വിവരത്തെ തുടർന്നായിരുന്നു റെയ്ഡ്.
ഇന്ത്യയിൽ ഭീകരപ്രവർത്തനത്തിന് എഫ്ഐഎച്ചിൽ നിന്ന് ഹവാലപ്പണം ലഭിക്കുന്നവർക്കെതിരായ നടപടിയിൽ അറസ്റ്റിലാവുന്ന നാലാമത്തെയാളാണ് ബബ്‍ലു. ഡൽഹിയിലും ശ്രീനഗറിലുമുള്ള എഫ്ഐഎച്ച് കേന്ദ്രങ്ങളിൽ നിന്നാണ് മറ്റു 3 പേരെ അറസ്റ്റ് ചെയ്തത്. ഇസ്‍ലാമിക് സ്റ്റേറ്റുമായി (ഐഎസ്) ബന്ധപ്പെട്ട് അറസ്റ്റിലായ ബബ്‍ലുവിന് സാമ്പത്തിക സഹായം ലഭിച്ചത് കാസർകോട് സ്വദേശിയിൽ നിന്നാണെന്ന വിവരത്തെ തുടർന്നാണ് എൻഐഎ സംഘം കാസർകോട്ട് പരിശോധന നടത്തിയത്. ഡൽഹിയിൽ ജോലി ചെയ്യുന്ന മൊഗ്രാൽപുത്തൂർ ചൗക്കി സ്വദേശിയുടെ വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചു.