പൗരത്വ ബിൽ: അരുണാചൽ പ്രദേശിലും അസമിലും പ്രതിഷേധം തുടരുന്നു

ഗുവാഹത്തി ∙ പൗരത്വ (ഭേദഗതി) ബില്ലിനെതിരെ അസമിലും അരുണാചൽ പ്രദേശിലും പ്രതിഷേധം ശക്തമായി. ഭരണകക്ഷിയായ ബിജെപിയുമായുള്ള സഖ്യം വിച്ഛേദിച്ച അസം ഗണപരിഷത് (എജിപി) സംസ്ഥാനത്ത് ഇന്നലെ 10 മണിക്കൂർ നിരാഹാര സമരം നടത്തി. കോൺഗ്രസ് എല്ലാ ജില്ലകളിലും 5 മണിക്കൂർ സത്യഗ്രഹം നടത്തി. അരുണാചൽപ്രദേശിലും കോൺഗ്രസ് വൻ പ്രതിഷേധ പ്രകടനങ്ങൾ നടത്തി. പ്രവർത്തകർ പ്രധാനമന്ത്രി നരേന്ദ്ര മോദി, സംസ്ഥാന മുഖ്യമന്ത്രി പേമ ഖണ്ഡു എന്നിവരുടെ കോലം കത്തിച്ചു.

ഇതിനിടെ, അസമിലെ ദേശീയ പൗരത്വ റജിസ്റ്ററിന്റെ (എൻആർസി) അവസാന റിപ്പോർട്ട് 2019 ജൂലൈ 31ന് അകം സമർപ്പിക്കണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. വരുന്ന തിരഞ്ഞെടുപ്പിനെ ബാധിക്കാത്ത നിലയിൽ ഉടൻ ഇതു പൂർത്തിയാക്കാൻ അസം ചീഫ് സെക്രട്ടറി, തിരഞ്ഞെടുപ്പു കമ്മിഷൻ സെക്രട്ടറി, സംസ്ഥാനത്തെ എൻആർസി കോ – ഓർഡിനേറ്റർ എന്നിവർ ചേർന്നു പരിപാടികൾ ആസൂത്രണം ചെയ്യണമെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസ് ആർ.എഫ്. നരിമാൻ എന്നിവരടങ്ങുന്ന ബെഞ്ച് ആവശ്യപ്പെട്ടു.