ന്യൂഡൽഹി∙ കനത്ത സുരക്ഷയിൽ രാജ്യം ഇന്നു റിപ്പബ്ലിക് ദിനം ആഘോഷിക്കും. ഡൽഹിയിൽ രാവിലെ 9.50നു വിജയ് ചൗക്കിൽ നിന്നു തുടങ്ങുന്ന റിപ്പബ്ലിക് ദിന പരേഡ് രാജ്പഥ്, തിലക് മാർഗ്, ബഹാദുർ ഷാ സഫർ മാർഗ്, നേതാജി സുഭാഷ് മാർഗ് വഴി ചെങ്കോട്ടയിലേക്കു നീങ്ങും. ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റ് സിറിൽ റമഫോസയാണു മുഖ്യാതിഥി. രാഷ്ട്രപതി റാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി നിർമല സീതാരാമൻ തുടങ്ങിയവർ പങ്കെടുക്കും.
രാവിലെ 9ന് ഇന്ത്യ ഗേറ്റിലെ അമർ ജവാൻ ജ്യോതിയിൽ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും സൈനിക മേധാവികളും ആദരമർപ്പിക്കും. തുടർന്നാണു റിപ്പബ്ലിക് ദിന പരേഡിനു തുടക്കമാവുക. സൈനിക ശക്തി വിളിച്ചോതുന്ന ആയുധങ്ങളുടെ പ്രദർശനം, വിവിധ സേനാവിഭാഗങ്ങളുടെ മാർച്ച്, കലാരൂപങ്ങൾ എന്നിവ പരേഡിന് ആവേശം പകരും. യുദ്ധവിമാനങ്ങളുടെ അഭ്യാസ പ്രകടനങ്ങളോടെയാണു പരേഡ് സമാപിക്കുക.
മഹാത്മാ ഗാന്ധിയുടെ 150–ാം ജൻമവാർഷികാഘോഷം കണക്കിലെടുത്ത് ഗാന്ധിയുടെ ആശയങ്ങളുടെ അടിസ്ഥാനത്തിലാണു പരേഡിലെ ഫ്ലോട്ടുകൾ തയാറാക്കിയിരിക്കുന്നത്. കേരളത്തിന്റെ ഫ്ലോട്ട് ഇപ്രാവശ്യം പരേഡിലില്ല. തീവ്രവാദി സംഘടനകളുടെ ഭീഷണി കാരണം ഏകദേശം 25,000 സൈനികരെയാണു സുരക്ഷയ്ക്കു നിയോഗിച്ചിരിക്കുന്നത്.