സാമ്പത്തിക സംവരണം: സ്റ്റേ ഇല്ല; വിഷയം പരിശോധിക്കുകയാണെന്നു സുപ്രീംകോടതി

ന്യൂഡൽഹി∙ മുന്നാക്കവിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം നൽകുന്ന ഭരണഘടനാ ഭേദഗതി സ്റ്റേ ചെയ്യാൻ സുപ്രീം കോടതി തയ്യാറായില്ല. വിഷയം പരിശോധിക്കുകയാണെന്നു വ്യക്തമാക്കിയ സുപ്രീം കോടതി ബെഞ്ച് കേന്ദ്രസർക്കാരിന് നോട്ടിസ് അയയ്ക്കാൻ ഉത്തരവായി. 

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗെഗോയ്, ജസ്റ്റിസ് സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്രസർക്കാരിന് മറുപടി സമർപ്പിക്കാൻ ഒരു മാസത്തെ സമയം നൽകി. യൂത്ത് ഫോർ ഇക്വാലിറ്റി, ജനഹിത് അഭിയാൻ എന്നീ സംഘടനകളും അഭിഭാഷകരുമാണ് ഭരണഘടനാ ഭേദഗതിയെ ചോദ്യം ചെയ്ത് ഹർജി സമർപ്പിച്ചത്. 

ഭരണഘടനയുടെ അടിസ്ഥാനഘടനയ്ക്ക് എതിരാണ് ഭേദഗതിയെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. സംവരണം നൽകുന്നതിന് സാമ്പത്തിക നില അടിസ്ഥാന മാനദണ്ഡമാക്കരുതെന്ന് സുപ്രീം കോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് വിധിച്ചത് ഹർജിയിൽ എടുത്തു കാട്ടി. ഈ 10 ശതമാനം സംവരണം കൂടി ഏർപ്പെടുത്തിയാൽ മൊത്തം സംവരണത്തിന്റെ തോത് 50 ശതമാനം കവിയും. ഇതും സുപ്രീം കോടതിയുടെ വിധിക്ക് എതിരാണെന്ന് ഹർജിയിൽ പറയുന്നു.