വായ്പ ക്രമക്കേട്: ചന്ദ കോച്ചറിനും ഭർത്താവിനും എതിരെ കേസ്

മുംബൈ/ന്യൂഡൽഹി ∙ വിഡിയോകോൺ ഗ്രൂപ്പിനു വഴിവിട്ടു 3,250 കോടി രൂപ വായ്പ അനുവദിച്ചെന്ന പരാതിയിൽ ഐസിഐസിഐ ബാങ്ക് മുൻ മേധാവി ചന്ദ കോച്ചറിനെതിരെ സിബിഐ കേസെടുത്തു.  ഭർത്താവും ന്യൂപവർ റിന്യൂവബിൾസ് എംഡിയുമായ ദീപക് കോച്ചർ, വിഡിയോകോൺ മാനേജിങ് ഡയറക്ടർ വേണുഗോപാൽ ധൂത് എന്നിവരെയും പ്രതിചേർത്തു. തുടർന്ന്, മുംബൈയിലും ഔറംഗബാദിലുമായുള്ള വിഡിയോകോൺ, ന്യൂപവർ ഓഫിസുകൾ, ധൂതിന്റെ ഉടമസ്ഥതയിലുള്ള സുപ്രീം എനർജി കമ്പനി എന്നിവിടങ്ങളിൽ സിബിഐ റെയ്ഡ് നടത്തി.

വൻ തകർച്ചയിലായിരുന്ന വിഡിയോകോണിന് ഐസിഐസിഐ ബാങ്കിന്റെ നേതൃത്വത്തിലുള്ള ബാങ്ക് കൺസോർഷ്യം ക്രമവിരുദ്ധമായി 3,250 കോടി രൂപ വായ്പ അനുവദിച്ചെന്നാണു കേസ്. ഇതിൽ ഐസിഐസിഐ നൽകിയ 1875 കോടി രൂപ വായ്പയിൽ 1730 കോടിയുടെ നഷ്ടമുണ്ടായി.  വായ്പ അനുവദിച്ച സമയത്ത് ഐസിഐസിഐ സ്റ്റിയറിങ് കമ്മിറ്റി അംഗമായിരുന്ന ഇപ്പോഴത്തെ സിഇഒ സന്ദീപ് ബക്ഷി, മറ്റ് അംഗങ്ങളായിരുന്ന സോൻജോയ് ചാറ്റർജി, സരീൻ ദാരുവാല, രാജീവ് സബർവാൾ, കെ.വി. കാമത്ത്, ഹോമി ഖുസ്രോഖാൻ എന്നിവരുടെ പങ്കും അന്വേഷിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

ചന്ദ കോച്ചാർ മേധാവിയായിരിക്കെ 2009നും 2011നും ഇടയ്ക്കായിരുന്നു ഇടപാടുകൾ. ഇടനിലക്കാരനായി നിന്നത് ഭർത്താവ് ദീപക് ആയിരുന്നെന്നും പ്രതിഫലമായി 64 കോടി രൂപ അദ്ദേഹത്തിന്റെ കമ്പനിക്കു ലഭിച്ചെന്നുമുള്ള വെളിപ്പെടുത്തൽ വൻ വിവാദമായിരുന്നു. ‌ തുടർന്നാണ്, ഐസിഐസിഐ ബാങ്കിന്റെ ആദ്യ വനിതാ സിഇഒ ചന്ദയ്ക്കു സ്ഥാനം ഒഴിയേണ്ടിവന്നത്. തിരിച്ചടവ് മുടങ്ങിയതോടെ വിഡിയോകോൺ വായ്പ നിഷ്ക്രിയ ആസ്തി ആയെന്നും ബാങ്കിന് 1730 കോടി നഷ്ടമുണ്ടായെന്നും എഫ്ഐആറിൽ പറയുന്നു.

എസ്ബിഐ ഉൾപ്പടെ 20 ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്നെടുത്ത 40,000 കോടിയുടെ ബാധ്യത വിഡിയോകോൺ ഗ്രൂപ്പിനുണ്ടെന്നാണു വിവരം.എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ഓഹരി വിപണി നിയന്ത്രണ ഏജൻസി(സെബി)യും ചന്ദയുടെ ഇടപാടുകൾ അന്വേഷിക്കുന്നുണ്ട്.  ഐസിഐസിഐ ബാങ്ക് നിയോഗിച്ച ജസ്റ്റിസ് ബി.എൻ.ശ്രീകൃഷ്ണ സമിതിയും പരാതിയിൽ അന്വേഷണം നടത്തുന്നു.