ചെന്നൈ∙ കുട്ടികൾ വികസിപ്പിച്ച വാർത്താവിനിമയ ഉപഗ്രഹമായ ‘കലാംസാറ്റ്’ ഉൾപ്പെടെ രണ്ട് ഉപഗ്രഹങ്ങൾ ഐഎസ്ആർഒ ബഹിരാകാശത്തെത്തിച്ചു. രാത്രി 11.37ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയിൽനിന്നു കുതിച്ചുയർന്ന പിഎസ്എൽവി സി44, 14–ാം മിനിറ്റിൽ ആദ്യ ഉപഗ്രഹമായ മൈക്രോസാറ്റ്–ആർ ഭ്രമണപഥത്തിൽ എത്തിച്ചു. പ്രതിരോധ ആവശ്യത്തിനുള്ള ഉപഗ്രഹമാണിത്.
തുടർന്ന് വീണ്ടും ഉയർന്നു മറ്റൊരു ഭ്രമണപഥത്തിലാണ് കലാംസാറ്റിനെ എത്തിച്ചത്. പിഎസ്എൽവിയുടെ ഒരുഭാഗം പരീക്ഷണ ആവശ്യങ്ങൾക്കായി അവിടെ തുടരും. തമിഴ്നാട്ടിൽനിന്നുള്ള ഒരു സംഘം ഹൈസ്കൂൾ വിദ്യാർഥികൾ വികസിപ്പിച്ച ‘കലാംസാറ്റ്’ ഇന്ത്യ വിക്ഷേപിച്ച ഏറ്റവും ഭാരം കുറഞ്ഞ ഉപഗ്രഹമാണ്. 1.2 കിലോഗ്രാമാണു ഭാരം
പിഎസ്എൽവിയുടെ 46–ാം ഉപഗ്രഹ ദൗത്യമായിരുന്നു ഇന്നലത്തേത്. ഐഎസ്ആർഒയുടെ ഈ വർഷത്തെ ആദ്യ വിക്ഷേപണവും.